Connect with us

National

കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പ് ; സ്പീക്കറുടെ നിലപാട് നിര്‍ണായകമാകും

Published

|

Last Updated

ബെഗളൂരു: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടന്നേക്കും. എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മുമ്പ് സഭയില്‍ വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ വാജുഭായ് വാല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.അതേ സമയം ഇപ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ സര്‍ക്കാര്‍ വീഴുമെന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ നിലപാട് ഏറെ നിര്‍ണായകമാകും. വ്യാഴാഴ്ച വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണറുടെ ശിപാര്‍ശ സ്പീക്കര്‍ തള്ളിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നിയമസഭക്കുള്ളില്‍ ബിജെപി ധര്‍ണ നടത്തിവരികയാണ്. ഇന്ന് പതിനൊന്നിന് വീണ്ടും നിയമസഭ ചേരുന്നുണ്ട്. അതേ സമയം വിമത എംഎല്‍എമാരുടെ വിപ്പില്‍ വ്യക്തത ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. 15 വിമത എംഎല്‍എമാരെ സഭയില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ വ്യക്തതക്കായാണ് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുന്നത്.

വിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച നീട്ടികൊണ്ടുപോയി വോട്ടെടുപ്പ് തിങ്കളാഴ്ച നടത്താനുള്ള സഖ്യ സര്‍ക്കാര്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ബി ജെ പി ഗവര്‍ണര്‍ണറെ കാണുകയായിരുന്നു. കോണ്‍ഗ്രസ് ജെ ഡി എസ് നീക്കത്തിനെതിരെ ബി ജെ പി ഗവര്‍ണര്‍ണറെ കണ്ടതിനെ തുടര്‍ന്ന് ഗവര്‍ണറുടെ പ്രത്യേക ഉദ്യോഗസ്ഥന്‍ സ്പീക്കറുടെ ഓഫീസിലെത്തി സന്ദേശം കൈമാറുകയായിരുന്നു.

ഗവര്‍ണറുടെ സന്ദേശത്തില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു. സഭാനടപടികളില്‍ നിര്‍ദേശം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചു. എന്നാല്‍ ഗവര്‍ണറുടെ നിര്‍ദേശം നടപ്പിലാക്കാന്‍ അര്‍ധരാത്രി വരെ സമയമുണ്ടെന്നും സ്പീക്കര്‍ അത് നടപ്പിലാക്കണമെന്നും ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ഇന്നലെ പറഞ്ഞു. കോണ്‍ഗ്രസ് ഗവര്‍ണറെ അപമാനിക്കുകയാണെന്നും ബി ജെ പി കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ നല്‍കിയത് നിര്‍ദേശമായി കാണേണ്ടെന്നും അപ്പീലാണെന്നുമാണ് സ്പീക്കറുടെ പക്ഷം. ഗവര്‍ണറുടെ ആവശ്യത്തില്‍ സ്പീക്കര്‍ വീണ്ടും നിയമോപദേശം തേടുകയും ചെയ്തു.

വിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് തിങ്കളാഴ്ച വരെ നീട്ടിക്കൊണ്ടുപോകാനും ഇങ്ങനെ കിട്ടുന്ന സമയത്തിനുള്ളില്‍ വിമത എം എല്‍ എമാരെ തിരികെയെത്തിച്ച് സര്‍ക്കാറിനെ രക്ഷിച്ചെടുക്കാനുമുള്ള അടവാണ് കോണ്‍ഗ്രസ-്‌ജെ ഡി എസ് സഖ്യം പയറ്റുന്നത്. എന്നാല്‍, നീക്കം മുന്‍കൂട്ടി കണ്ടതിനെ തുടര്‍ന്നാണ് ബി ജെ പി വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെ വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കിയത്.

Latest