Connect with us

National

കര്‍'നാടകം' തുടരുന്നു; ഉച്ചക്ക് ഒന്നരക്ക് മുമ്പ് വിശ്വാസം തെളിയിക്കണമെന്ന് കുമാരസ്വാമിക്ക് ഗവര്‍ണറുടെ കത്ത്

Published

|

Last Updated

ബെഗളൂരു: ബംഗളൂരു: രാഷ്ട്രീയ നാടകം തുടരുന്ന കര്‍ണാടകയില്‍ ഗവര്‍ണറുടെ ഇടപെടല്‍. എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മുമ്പ് സഭയില്‍ വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ വാജുഭായ് വാല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഒരു ദിവസം മുഴുവന്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കര്‍ണാടക നിയമസഭ സമ്മേളനം ഇന്നത്തേക്ക് പിരിഞ്ഞിരുന്നു. ഇതോടെ കുമാര സ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് ഇന്ന് നടന്നില്ല. നാളെ രാവിലെ പതിനൊന്നോടെ സഭ വീണ്ടും ചേരുമെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താതെ സഭ പിരിഞ്ഞതിന് പിന്നാലെയാണ് ഗവര്‍ണർ പുതിയ ഇടപെടൽ നടത്തിയത്. ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സഭ പിരിയാന്‍ സ്പീക്കര്‍ തീരുമാനമെടുക്കുകയായിരുന്നു.

വിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച നീട്ടികൊണ്ടുപോയി വോട്ടെടുപ്പ് തിങ്കളാഴ്ച നടത്താനുള്ള സഖ്യ സര്‍ക്കാരിന്റെ ശ്രമങ്ങളുണ്ടായതിനെ തുടര്‍ന്ന് ബി ജെ പി ഗവര്‍ണര്‍ണറെ കാണുകയായിരുന്നു. കോണ്‍ഗ്രസ് ജെ ഡി എസ് നീക്കത്തിനെതിരെ ബി ജെ പി ഗവര്‍ണര്‍ണറെ കണ്ടതിനെ തുടര്‍ന്ന് ഗവര്‍ണറുടെ പ്രത്യേക ഉദ്യോഗസ്ഥന്‍ സ്പീക്കറുടെ ഓഫീസിലെത്തി സന്ദേശം കൈമാറുകയായിരുന്നു.

ഗവര്‍ണറുടെ സന്ദേശത്തില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു. സഭാനടപടികളില്‍ നിര്‍ദേശം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചു. എന്നാല്‍ ഗവര്‍ണറുടെ നിര്‍ദേശം നടപ്പിലാക്കാന്‍ ഇന്ന് അര്‍ധരാത്രി വരെ സമയമുണ്ടെന്നും സ്പീക്കര്‍ അത് നടപ്പിലാക്കണമെന്നുംബിജെപി നേതാവ് ബി എസ് യെദ്യൂരപ്പപറഞ്ഞു. കോണ്‍ഗ്രസ് ഗവര്‍ണറെ അപമാനിക്കുകയാണെന്നും ബി ജെ പി കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ നല്‍കിയത് നിര്‍ദേശമായി കാണേണ്ടെന്നും അപ്പീലാണെന്നുമാണ് സ്പീക്കറുടെ പക്ഷം. ഗവര്‍ണറുടെ ആവശ്യത്തില്‍ സ്പീക്കര്‍ വീണ്ടും നിയമോപദേശം തേടുകയും ചെയ്തു.

വിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് തിങ്കളാഴ്ച വരെ നീട്ടിക്കൊണ്ടുപോകാനും ഇങ്ങനെ കിട്ടുന്ന സമയത്തിനുള്ളില്‍ വിമത എം എല്‍ എമാരെ തിരികെയെത്തിച്ച് സര്‍ക്കാറിനെ രക്ഷിച്ചെടുക്കാനുമുള്ള അടവാണ് കോണ്‍ഗ്രസ്‌ജെ ഡി എസ് സഖ്യം പയറ്റുന്നത്. എന്നാല്‍, നീക്കം മുന്‍കൂട്ടി കണ്ടതിനെ തുടര്‍ന്നാണ് ബി ജെ പി വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെ വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കിയത്.

കോണ്‍ഗ്രസില്‍ നിന്ന് 13ഉം ജനതാദള്‍ എസില്‍ നിന്ന് മൂന്നുമായി 16 എം എല്‍ എമാര്‍ രാജിവച്ചിട്ടുള്ളതിനാല്‍ വിശ്വാസ വോട്ട് നേടാനുള്ള അംഗബലം സര്‍ക്കാറിനില്ല. ഏഴു പേരെങ്കിലും തിരിച്ചെത്തി രാജി പിന്‍വലിക്കാനും പിന്തുണക്കാനും തയാറായാല്‍ മാത്രമെ സര്‍ക്കാറിനെ നിലനിര്‍ത്താനാകൂ എന്നതാണ് സ്ഥിതി.

എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എം എല്‍ എമാരില്‍ സമ്മര്‍ദം ചെലുത്താനാകില്ലെന്നുള്ള സുപ്രീം കോടതി വിധി ഫലത്തില്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ്.

 

---- facebook comment plugin here -----

Latest