National
ബിഹാറില്‍ ആര്‍ എസ് എസുകാരുടെ വിവരങ്ങളെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം; പിന്‍വലിക്കണമെന്ന് ബി ജെ പി

പാറ്റ്‌ന: ബിഹാറിലെ ആര്‍ എസ് എസ് ഭാരവാഹികളെയും അനുബന്ധ ഗ്രൂപ്പുകളെയും സംബന്ധിച്ച വിശദ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ്. നിര്‍ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പിയുടെ നിരവധി നേതാക്കള്‍ രംഗത്തെത്തി. ആര്‍ എസിനെ രഹസ്യമായി നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗപ്പെടുത്തുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചെയ്യുന്നതെന്ന് ആര്‍ എസ് എസ് നേതാക്കള്‍ ആരോപിച്ചു.
മെയ് 28നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് സൂപ്രണ്ട് ഒപ്പിട്ട കത്ത് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാര്‍ക്ക് നല്‍കിയത്. ഒരാഴ്ചക്കകം ആര്‍ എസ് എസ് അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി തുടങ്ങിയ ഭാരവാഹികളെയും 18 അനുബന്ധ ഗ്രൂപ്പുകളെയും സംബന്ധിച്ച് വിവരം നല്‍കണമെന്നാണ് കത്തിലെ
നിര്‍ദേശം. ആര്‍ എസ് എസിനു പുറമെ ബജ്‌രംഗ് ദള്‍, വിശ്വഹിന്ദു പരിഷത്, ഹിന്ദു ജാഗരണ്‍ സമിതി, ധര്‍മ് ജാഗരണ്‍ സമന്വയ് സമിതി, ഹിന്ദു രാഷ്ട്ര സേന, രാഷ്ട്രീയ സേവികാ സമിതി, ശിക്ഷാ ഭാരതി, മുസ്‌ലിം രാഷ്ട്രീയ മഞ്ച്, ദുര്‍ഗ വാഹിനി, സ്വദേശി ജാഗരണ്‍ മഞ്ച്, ഭാരതീയ കിസാന്‍ സംഘ്, ഭാരതീയ മസ്ദൂര്‍ സംഘ്, ഭാരതീയ റെയില്‍ സംഘ്, എ ബി വി പി, അഖില്‍ ഭാരതീയ ശിക്ഷക് മഹാസംഘ്, ഹിന്ദു മഹാസഭ, ഹിന്ദു യുവ വാഹിനി, ഹിന്ദു പുത്ര സംഘ് എന്നീ അനുബന്ധ സംഘടനകളെയാണ് കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
എന്നാല്‍, ഇത്തരമൊരു കത്തിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിനോ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിനോ അറിയില്ലെന്നാണ് ബിഹാര്‍ പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ജെ എസ് ഗാങ്‌വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. കത്ത് പുറത്തിറക്കാനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കത്തില്‍ ഒപ്പിട്ട എസ് പി പോലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹത്തെവിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും ഗാങ്‌വര്‍ വ്യക്തമാക്കി.