സുപ്രീം കോടതി വിധി: ഉചിതമായ സമയത്ത് തീരുമാനമെന്ന് സ്പീക്കര്‍; എംഎല്‍എമാരുടെ ധാര്‍മിക വിജയമെന്ന് യെദ്യൂരപ്പ

Posted on: July 17, 2019 12:18 pm | Last updated: July 17, 2019 at 8:28 pm

ബംഗളൂരു: വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കര്‍ണാടക നിയമസഭാ സ്പീക്കര്‍ രമേഷ് കുമാര്‍. ഇത് ചരിത്ര വിധിയാണെന്നും സ്പീക്കര്‍ പ്രതികരിച്ചു. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. എംഎല്‍എമാരുടെ രാജിവിഷയത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതി ഇന്ന് വിധിച്ചത്.

അതേ സമയം സഖ്യസര്‍ക്കാരിന് ഇനി തുടരാനാകില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ പറഞ്ഞു. സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഭൂരിപക്ഷമില്ലാത്ത സ്ഥിതിക്ക് മുഖ്യമന്ത്രി കുമാരസ്വാമി വ്യാഴാഴ്ച തന്നെ രാജിവെക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചാവശ്യപ്പെട്ടു. വിധി ജനാധിത്യത്തിന്റെ വിജയമാണെന്നു പറഞ്ഞ അദ്ദേഹം എംഎല്‍എമാരുടെ ധാര്‍മിക വിജയം കൂടിയാണിതെന്നും കൂട്ടിച്ചര്‍ത്തു. കേസിലെ ഇടക്കാല വിധിമാത്രമാണ് ഇപ്പോഴത്തേതെന്നും ഭാവിയില്‍ സ്പീക്കറുടെ അധികാരങ്ങള്‍ കോടതിക്ക് നിശ്ചയിക്കണ്ടി വരുമെന്നും യെദിയൂരപ്പ പറഞ്ഞു.