Connect with us

Editorial

ഗോശാലകളില്‍ കൊടിയ ദുരിതം

Published

|

Last Updated

പശു ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും ഗോസംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട (സംഘ്പരിവാര) കൊലപാതകങ്ങള്‍ അരങ്ങേറുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പശുക്കള്‍ സുഖജീവിതം നയിക്കുന്നുവെന്ന് ധരിച്ചവര്‍ക്ക് തെറ്റി. മതിയായ സംരക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് ബി ജെ പി ഭരണത്തിലിരിക്കുന്നതുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭക്ഷണവും വെള്ളവും ചികിത്സയും ലഭിക്കാതെ പശുക്കള്‍ കൂട്ടത്തോടെ ചത്തുകൊണ്ടിരിക്കുകയാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന യു പിയിലെ മിര്‍സാപുരിലെയും അയോധ്യയിലെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലകളില്‍ 71 പശുക്കള്‍ ചത്തത് അടുത്ത ദിവസമാണ്. ഇതേതുടര്‍ന്ന് മിര്‍സാപുരിലെ ചീഫ് വെറ്ററിനറി ഓഫീസര്‍ അടക്കമുള്ള എട്ട് ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി. അയോധ്യയിലെ ഗോശാലകളില്‍ പശുക്കളുടെ ജഡം അനാഥമായി കിടക്കുന്ന വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് യോഗി സര്‍ക്കാര്‍ ശിക്ഷാനടപടി പ്രഖ്യാപിച്ചത്. യു പിയിലെ തന്നെ അലിഗഢില്‍ കഴിഞ്ഞ ഡിസംബര്‍ അവസാനത്തില്‍ ഒരു സന്നദ്ധ സംഘടന നടത്തുന്ന ഗോശാലയില്‍ എന്‍പതോളം പശുക്കള്‍ ചത്തിരുന്നു.

രാജസ്ഥാനില്‍ ജയ്പൂരിലെ അക്ഷയ പാത്ര ഫൗണ്ടേഷന്‍ നടത്തുന്ന ഹിന്‍ഗോണിയ ഗോശാലയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ചത്തത് 500ലേറെ പശുക്കളാണ്. മുന്‍വര്‍ഷവും ഇതേ ഗോശാലയില്‍ നൂറുകണക്കിന് പശുക്കള്‍ ചാകുകയും ദേശീയ തലത്തില്‍ അത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ദിനംപ്രതി 20 പശുക്കളോളം ഇവിടെ ചാകാറുണ്ടെന്ന് ഗോശാല നടത്തിപ്പുകാരി രാധാപ്രിയ വെളിപ്പെടുത്തുകയുമുണ്ടായി. പശുക്കള്‍ക്ക് വേണ്ടി പ്രത്യേക മന്ത്രാലയം തന്നെയുള്ള ഏക സംസ്ഥാനത്തെ മിണ്ടാപ്രാണികളാണ് ഈ ദുര്‍ഗതി അനുഭവിക്കുന്നത്. ഗ്വാളിയോറിലെ മുനിസിപ്പല്‍ ഗോശാലയില്‍ 2017 ഡിസംബറില്‍ 1,300 പശുക്കളാണ് കൂട്ടത്തോടെ ചത്തത്. പശു സംരക്ഷണത്തിന്റെ പേരില്‍ ഗോസംരക്ഷകര്‍ മുസ്‌ലിംകളെയും ദളിതുകളെയും ക്രൂരമായി മര്‍ദിച്ച് കൊല്ലുകയും ഭരണകൂടങ്ങള്‍ അതിനെതിരെ നിസ്സംഗത പാലിക്കുകയും ചെയ്യുന്നതിനിടെ തന്നെയാണ് രാജ്യത്തുടനീളം പശുക്കള്‍ കൂട്ടത്തോടെ ചത്തു വീഴുന്ന വാര്‍ത്ത പുറത്തു വരുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്ഷീര കര്‍ഷകര്‍ കറവ വറ്റിയ പശുക്കളെ, അവയെ വളര്‍ത്തുന്നതിലുള്ള സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് തെരുവിലേക്ക് അഴിച്ചു വിടുകയാണ്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇവ കൃഷിത്തോട്ടങ്ങളില്‍ കടന്ന് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തുന്നു. ഇതിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ ഇടക്കിടെ രംഗത്തിറങ്ങാറുണ്ട്. മധുരയിലെ ഒരു ഗ്രാമത്തില്‍ അലഞ്ഞു നടക്കുന്ന നൂറ്റമ്പതോളം പശുക്കളെ സ്ഥലത്തെ കര്‍ഷകര്‍ സഹികെട്ട് ഒരു സ്‌കൂള്‍ മതില്‍ കെട്ടിനകത്ത് പൂട്ടിയിട്ടു. ഇവയില്‍ കുറെയെണ്ണം ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ചാകുകയും ചെയ്തു. തെരുവില്‍ അലയുന്ന പശുക്കള്‍ റോഡപകടത്തിനും കാരണമാകുന്നു.

രാജ്യത്തെ 13 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും കന്നുകാലി സംരക്ഷണ കേന്ദ്രങ്ങളെക്കുറിച്ച് പഠനം നടത്തിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ (എഫ് ്‌ഐ എ പി ഒ) കഴിഞ്ഞ സെപ്തംബര്‍ നാലിന് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് ഈ പ്രദേശങ്ങളിലെ ഗോശാലകളെല്ലാം അത്യന്തം ഗുരുതരാവസ്ഥയിലാണെന്നാണ്. വൃത്തിഹീനമായ ചുറ്റുപാടിലാണ് രാജ്യത്തെ മിക്ക ഗോശാലകളും പ്രവര്‍ത്തിക്കുന്നത്. ആയിരക്കണക്കിന് കന്നുകാലികളാണ് ഇവിടങ്ങളില്‍ പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. ഗോശാലാ ജീവനക്കാര്‍ ശരിയായ പരിശീലനം ലഭിക്കാത്തവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്ക ഗോശാലകള്‍ക്കും സാമ്പത്തിക സുസ്ഥിരതയില്ല. വളരെ കുറച്ചെണ്ണത്തിന് മാത്രമേ നിയമസാധുതയും സര്‍ക്കാറിന്റെ പിന്തുണയും ലഭിക്കുന്നുള്ളൂ.

ഗോഹത്യയും അറവിനു വേണ്ടിയുള്ള കന്നുകാലികളുടെ വില്‍പനയും നിരോധിച്ചതോടെയാണ് രാജ്യത്ത് കന്നുകാലികള്‍ക്ക് കഷ്ടകാലം വന്നത്. ക്ഷീര കര്‍ഷകര്‍ കറവു വറ്റിയ പശുക്കളെ കൈയൊഴിക്കാന്‍ തുടങ്ങിയതോടെ ഓരോ ഗോശാലയിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലപ്പുറമാണ് പശുക്കള്‍ എത്തിക്കൊണ്ടിരിക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടില്‍ കൃത്യമായ ഭക്ഷണവും വെള്ളവും ആവശ്യമായ പരിചരണവും ലഭിക്കാതെ ദുരിതപൂര്‍ണമായ അവസ്ഥയിലാണ് ഈ മിണ്ടാപ്രാണികള്‍ ഇവിടെ കഴിയുന്നത്. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനാണ് കശാപ്പു നിരോധനമെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, അത്യന്തം ക്രൂരമായ മരണമാണ് ഗോശാലകളില്‍ അവക്ക് സംഭവിക്കുന്നത്. കറവ് വറ്റിയ പശുക്കളെ മാംസാവശ്യത്തിന് അറവ് നടത്താന്‍ അനുവാദം നല്‍കിയിരുന്നെങ്കില്‍ ഈ ദുരിത ജീവിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു.

രാജ്യത്തിന്റെ സമ്പദ്ഘടനക്ക് അതൊരു മുതല്‍ കൂട്ടാകുകയും ചെയ്യും. കശാപ്പ് നിരോധം കൊണ്ട് പശുക്കള്‍ക്കോ രാജ്യത്തിനോ അല്ല, ഗോസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ എന്‍ ജി ഒകള്‍ക്കു മാത്രമാണ് നേട്ടം. നിരവധി സംഘ്പരിവാര്‍ എന്‍ ജി ഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഗോ സംരക്ഷണ മേഖലയില്‍. ഇവര്‍ വലിയ തുകകളാണ് സര്‍ക്കാറില്‍ നിന്നും ഗോഭക്തരില്‍ നിന്നും കൈപറ്റിക്കൊണ്ടിരിക്കുന്നത്. കോര്‍പറേറ്റ് കമ്പനികള്‍ ഉള്‍പ്പെടെ അവരുടെ സാമൂഹിക ക്ഷേമ ഫണ്ടില്‍ നിന്ന് ഉയര്‍ന്ന തുക ഇവര്‍ക്ക് സംഭാവനയായി നല്‍കുന്നുണ്ട്. അതേസമയം, പശുക്കള്‍ക്ക് ഇവിടെ മതിയായ സംരക്ഷണവും പരിചരണവും ഇവര്‍ നല്‍കുന്നുമില്ല. പശുവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന ഗുണ്ടായിസത്തിനും അക്രമങ്ങള്‍ക്കും ഇത്തരം സംഘടനകളുടെ പങ്ക് പലപ്പോഴും വെളിപ്പെട്ടതാണ്. അക്രമ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സും ഇത്തരം സംഘടനകള്‍ തന്നെയാണ്.