ചരിത്രം കോണ്‍ഗ്രസിനോട് പകവീട്ടുന്നു

Posted on: July 17, 2019 11:21 am | Last updated: July 17, 2019 at 11:22 am

നെഹ്‌റു മുതല്‍ രാജീവ് ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സര്‍ക്കാറുകളെല്ലാം വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു രാജ്യം ഭരിച്ചിരുന്നത്. എന്നാല്‍ 1991 ജൂണ്‍ 21ന് പി വി നരസിംഹ റാവു ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്ത സമയത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല.

1991 മുതല്‍ 96 വരെയുള്ള അഞ്ച് വര്‍ഷക്കാലം നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് ഭരണം തുടരാനായത് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെ ചില ലോക്‌സഭാ അംഗങ്ങള്‍ക്ക് കൈക്കൂലി നല്‍കി, സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യിപ്പിച്ചതിനാലായിരുന്നു എന്നതാണ് ചരിത്രം.

തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് ഭൂരിപക്ഷം കുറവായിരുന്നിട്ട് പോലും കുതന്ത്രങ്ങളിലൂടെയും അനുനയ നീക്കങ്ങളിലൂടെയും ഭരണ കാലാവധി തികക്കാന്‍ നരസിംഹ റാവു ശ്രമിച്ചു. ഇതിന്റെ പേരില്‍ റാവുവിനെയോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയോ വിമര്‍ശിക്കാന്‍ കുത്തക മാധ്യമങ്ങളൊന്നും തന്നെ താത്പര്യപ്പെട്ടിരുന്നില്ല. അതേസമയം, നരസിംഹ റാവുവിന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചാണക്യന്‍ എന്ന ബഹുമതി അവര്‍ ചാര്‍ത്തിക്കൊടുക്കുകയും ചെയ്തിരുന്നു.

നരസിംഹ റാവു സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും മറ്റുള്ളവരെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരിക്കുകയും ചെയ്തതിന്റെ ഭാഗമായി 1996 മെയ് 16ന് അടല്‍ ബിഹാരി വാജ്‌പെയിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ മതേതര ജനാധിപത്യ ഇന്ത്യയുടെ ഭരണം ഏറ്റെടുക്കുന്നതാണ് കാണാനായത്.

കോണ്‍ഗ്രസിന്റെ അധികാര മോഹം ഇന്ത്യയിലെ മതേതര സമൂഹം കാര്യമായി ചര്‍ച്ച ചെയ്യുകയും ഏറെ വിമര്‍ശിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് വാജ്‌പെയിയെ പുറത്താക്കി ജനതാദള്‍ നേതാവായ എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധമായത്.

എന്നാല്‍ 1996 ജൂണ്‍ ഒന്നിന് പ്രധാനമന്ത്രി പദം ഏറ്റെടുത്ത ദേവഗൗഡയെ തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ തയ്യാറാകാതിരുന്ന കാരണത്താല്‍ പത്ത് മാസത്തെ കാലാവധിക്ക് ശേഷം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് അവിശ്വാസ പ്രമേയത്തിലൂടെ താഴെയിറക്കുകയും പകരം 1997 ഏപ്രില്‍ 21ന് ഗൗഡയുടെ പാര്‍ട്ടിക്കാരനായ ഐ കെ ഗുജ്‌റാളിനെ പ്രധാനമന്ത്രി പദത്തില്‍ എത്തിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്. എന്നാല്‍ തങ്ങളുടെ പിന്തുണയോടെയുള്ള ഗുജ്‌റാള്‍ സര്‍ക്കാറിനെയും പതിനൊന്ന് മാസത്തിലധികം ഭരണം നടത്താന്‍ അനുവദിക്കാതെ സര്‍ക്കാറിന് നല്‍കിയ പിന്തുണ പിന്‍വലിക്കുകയും പൊതു തിരഞ്ഞെടുപ്പിനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന മിഥ്യാധാരണയോടെ ഇടതുപക്ഷമുള്‍പ്പെടെയുള്ള മതേതര കക്ഷികളുടെ സ്ഥാനാര്‍ഥികള്‍ക്കെതിരായി തങ്ങളുടെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് മത്സരിപ്പിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം പോലും കിട്ടാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് പിറകോട്ട് പോയി.

ബി ജെ പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനെതിരായ ഇടതുപക്ഷ മതേതര പാര്‍ട്ടികളുടെ കൂട്ടായ തീരുമാനവും ഏത് വിധേനയും അധികാരത്തിലെത്തണമെന്ന കോണ്‍ഗ്രസിന്റെ ആഗ്രഹവും ഒരുമിച്ച് ചേര്‍ന്നതിന്റെ ഫലമായിട്ടായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു പി എ സര്‍ക്കാര്‍ രൂപവത്കരിക്കാനായത്.

നയപരമായ കാര്യങ്ങളില്‍ ഒട്ടേറെ വിയോജിപ്പുകള്‍ ഉണ്ടായിരുന്നിട്ട് പോലും കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തയ്യാറായ ഇടതുപക്ഷം ആണവ കരാറുമായി ബന്ധപ്പെട്ട വിയോജിപ്പിനെ തുടന്ന് മന്‍മോഹന്‍ സര്‍ക്കാറിന് നല്‍കിക്കൊണ്ടിരുന്ന പിന്തുണ പിന്‍വലിക്കുകയാണുണ്ടായത്.
ഇടതുപക്ഷം സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിനാല്‍ സര്‍ക്കാറിന് അധികാരം നഷ്ടമാകുമെന്ന് കരുതിയ ഇടതുപക്ഷ പാര്‍ട്ടികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് തനിക്കെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ മന്‍മോഹന്‍ സിംഗ് അതിജയിച്ചതും അവിശ്വാസ പ്രമേയത്തിനെതിരായി വോട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് കോഴയായി കിട്ടിയ കോടികള്‍ ചരിത്രത്തിലാദ്യമായി പാര്‍ലിമെന്റിനകത്ത് അംഗങ്ങള്‍ ഉയര്‍ത്തിക്കാണിച്ചതും ഒരേ ദിവസം തന്നെയായിരുന്നു. എന്നാല്‍ കോഴ നല്‍കിയവരോ പാര്‍ലിമെന്റിനകത്ത് കോടികള്‍ ഉയര്‍ത്തിക്കാണിച്ചവരോ ശിക്ഷിക്കപ്പെട്ടില്ലെന്ന് മാത്രമല്ല മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്യുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.

സര്‍ക്കാറിന് ഭീഷണി നേരിടേണ്ടി വന്ന ഘട്ടങ്ങളിലെല്ലാം പ്രതിപക്ഷ ചേരിയിലുള്ള പാര്‍ലിമെന്റ് മെമ്പര്‍മാരെയും നിയമസഭാംഗങ്ങളെയും സാമ്പത്തികമായി സ്വാധീനിച്ച് തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചെടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് സമാനമായ കാരണങ്ങളാല്‍ തങ്ങളുടെഎം എല്‍ എമാരെ നഷ്ടമായി കൊണ്ടിരിക്കുന്ന കാഴ്ചകളാണ് ഇപ്പോള്‍.

കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാറിന് ഭൂരിപക്ഷം ഉറപ്പ് വരുത്തുന്നതിന് വേണ്ടി ദിവസങ്ങളോളം തങ്ങളുടെ എം എല്‍ എമാരെ റിസോര്‍ട്ടുകളില്‍ താമസിപ്പിക്കുകയും വാഹനത്തില്‍ കയറ്റി സഞ്ചരിക്കുകയും ചെയ്യേണ്ട അവസ്ഥയെത്തി കോണ്‍ഗ്രസിന്. നരസിംഹ റാവുവിന്റെ മാതൃക പിന്‍പറ്റാന്‍ ബി ജെ പി തയ്യാറായേക്കുമെന്ന ഭയമുള്ളത് കൊണ്ടായിരുന്നു ഇതെല്ലാം.

പോയ കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയും, വ്യക്തമായ ഭൂരിപക്ഷത്തോടെ ഏറെ കാലം രാജ്യം ഭരിക്കുകയും ചെയ്ത കോണ്‍ഗ്രസ് പാര്‍ട്ടി നിലവില്‍ പ്രാദേശിക പാര്‍ട്ടികളുടേതിന് സമാനമായ നിലയിലേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. പാര്‍ലിമെന്റില്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക പദവി പോലും അവകാശപ്പെടാനാകാത്ത വിധം അംഗബലം കുറഞ്ഞ് പോകുകയും ചെയ്തിരിക്കുന്നു.

താരതമ്യേന സ്വാധീനമുള്ള കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരെ പോലും തങ്ങളോടൊപ്പം ഉറപ്പിച്ച് നിര്‍ത്താനാകാത്ത വിധം അവര്‍ സാമ്പത്തിക സ്വാധീനത്തിന് വഴിപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഇത്തരമൊരു രാഷ്ട്രീയ മാതൃക രാജ്യത്തിന് പരിചയപ്പെടുത്തിയ നരസിംഹ റാവു, മന്‍മോഹന്‍ സിംഗ് തുടങ്ങിയ കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കൊന്നും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.