ഹാജിമാർ പുണ്യ കർമങ്ങൾ ശീലമാക്കുക: കാന്തപുരം

Posted on: July 17, 2019 11:02 am | Last updated: July 17, 2019 at 2:35 pm

കൊണ്ടോട്ടി: മതനിയമങ്ങളും പുണ്യകർമങ്ങളും ശീലമാക്കുന്നതിൽ ഹാജിമാർ മാതൃകയാകണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ ഹാജിമാരുടെ യാത്രയയപ്പ് സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ഐക്യ സമ്മേളനമാണ് ഹജ്ജ്, വർണ, ഭാഷ, ദേശ, വൈജാത്യങ്ങൾക്കപ്പുറം എല്ലാവരും ഒരേ വേഷത്തിലും നടപ്പിലും ഹജ്ജ് കർമങ്ങളിൽ ഒരുമിക്കുന്നു. അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനും മുൻഗാമികളായ മഹത്തത്തുക്കളുടെ ജീവിത പാഠങ്ങളിൽ നിന്ന് മാതൃകയുൾകൊള്ളാനും ഹജ്ജ് വഴി സാധിക്കുന്നു.

മദീനാ സന്ദർശനത്തിന് അവസരം ലഭിച്ചത് വലിയ അനുഗ്രഹമാണ്. ഭൂമിയിൽ ഏറ്റവും കൂടുതൽ ശ്രേഷ്ഠതയുള്ള സ്ഥലം പുണ്യ നബിയുടെ ഖബറുശ്ശരീഫിനാണെന്നും അവിടെ സന്ദർശിക്കുമ്പോൾ പൂർണ ചിട്ടയും ആദരവും പാലിക്കൽ വിശ്വാസത്തിന്റെ ഭാഗമാണെന്നും കാന്തപുരം പറഞ്ഞു.
ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, തസ്‌കിയത്ത് കമ്മിറ്റി കോർഡിനേറ്റർ തറയിട്ടാൽ ഹസൻ സഖാഫി, വിവിധ കമ്മിറ്റി ഭാരവാഹികൾ! ചേർന്ന് കാന്തപുരത്തെ സ്വീകരിച്ചു.