മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 14 ആയി

Posted on: July 17, 2019 9:39 am | Last updated: July 17, 2019 at 1:09 pm

മുംബൈ: മുംബൈയിലെ ദോംഗ്രിയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം പതിനാലായി. എട്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ജെ ജെ ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ 11.40ഓടെയാണ് അബ്ദുല്‍ ഹമീദ് ദര്‍ഗ മേഖലയിലെ ടന്‍ഡേല്‍ തെരുവിലുള്ള കേസര്‍ഭായ് കെട്ടിടം തകര്‍ന്നുവീണത്.

ദേശീയ ദുരന്ത പ്രതികരണ സേനയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പോലീസും നാട്ടുകാരും സഹായവുമായി രംഗത്തുണ്ട്. ഇടുങ്ങിയ തെരുവായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രയാസം നേരിടുന്നതായി അഗ്‌നിശമന സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നൂറു വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നുവീണതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അപകടം വിതക്കാവുന്ന കെട്ടിടങ്ങളുടെ പട്ടികയില്‍ ഇതുള്‍പ്പെട്ടിരുന്നില്ല. കെട്ടിടം പുതുക്കിപ്പണിയുന്നതിന് വേണ്ടി നിര്‍മാതാവിനെ നിയോഗിച്ചിരുന്നു. നിര്‍മാതാവിന്റെ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു