ഉത്തരകടലാസ് പിന്നീട് കണ്ടെത്തിയതില്‍ അന്വേഷണം വേണം: എസ് എഫ് ഐ

Posted on: July 16, 2019 9:32 pm | Last updated: July 16, 2019 at 9:32 pm

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിനു ശേഷം പോലീസ് നടത്തിയ ആദ്യ പരിശോധനയില്‍ ഇല്ലാതിരുന്ന സാധനങ്ങളാണ് യൂണിയന്‍ ഓഫീസില്‍ നിന്ന് പിന്നീടു കണ്ടെടുത്തതെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്. ഇത് അസ്വാഭാവികമാണ്. ഇതില്‍ അന്വേഷണം വേണം. ഈ വിഷയത്തില്‍ എസ് എഫ് ഐ നിയമ നടപടി സ്വീകരിക്കും. യൂനിവേഴ്‌സിറ്റി കോളേജില്‍ യൂനിറ്റ് കമ്മിറ്റി പൂര്‍ണമായും പരാജയപ്പെട്ടതുകൊണ്ടാണ് പിരിച്ചുവിട്ടതെന്ന് വാര്‍ത്താസമ്മേളനത്തില്‍ സചിന്‍ദേവ് വ്യക്തമാക്കി.

എസ് എഫ് ഐ പ്രവര്‍ത്തിക്കാത്ത കോളജുകളില്‍ സിറ്റിങ് നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത വിദ്യാഭ്യാസ ഡയറക്ടറേറ്റ് യൂണിവേഴ്‌സിറ്റി കോളജില്‍ നടത്തുന്നത് സംഘടനക്കെതിരായ കടന്നാക്രമണമാണെന്നും അദ്ദേഹം ആരോപിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷം ന്യായീകരിക്കുന്നില്ല. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസ് അന്വേഷിക്കട്ടെ. എസ് എഫ് ഐ ഇല്ലാത്ത കോളജുകളില്‍ വിദ്യാഭ്യാസ കമ്മിഷന്‍ സിറ്റിങ് നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. യൂണിവേഴ്‌സിറ്റി കോളജിലെ കുട്ടികളെ തിരഞ്ഞുപിടിക്കുകയാണ്. അത് എസ് എഫ് ഐക്ക് എതിരായ വാര്‍ത്തയാക്കാന്‍ ശ്രമിക്കുന്നു. യൂനിവേഴ്‌സിറ്റി കോളജിലുണ്ടായ അക്രമ സംഭവം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചതും പ്രതിഷേധിച്ചതും എസ് എഫ് ഐ പ്രവര്‍ത്തകരാണ്.

യൂനിവേഴ്‌സിറ്റി കോളജ് സംഭവത്തില്‍ സാധ്യമായ എല്ലാ നടപടിയും സംഘടന സ്വീകരിച്ചു കഴിഞ്ഞു. പൊലീസിന്റെ സ്വതന്ത്ര അന്വേഷണത്തെ എസ് എഫ് ഐ പിന്തുണച്ചിട്ടുണ്ട്. മോശം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കുമെന്നും സച്ചിന്‍ ദേവ് പറഞ്ഞു.