മറന്നുവോ ആ മകനെയും പിതാവിനെയും

Posted on: July 16, 2019 3:46 pm | Last updated: July 16, 2019 at 3:48 pm

രണസ്മരണകളിരമ്പുന്ന വിപ്ലവ ഭൂമിയായ പുന്നപ്ര- വയലാറിന്റെയും അധികാരി വർഗത്തിന്റെ തീട്ടൂരങ്ങളോട് സ്വന്തം മാറിടം മുറിച്ച് വാഴയിലയിൽ സമർപ്പിച്ച നങ്ങേലിയുടെയും നാട്ടിൽ, ചരിത്രത്തിൽ ഇടം നേടിയ കസ്റ്റഡി മരണവും ഒരു പിതാവിന്റെ നീതിക്കായുള്ള പോരാട്ടവും കനൽ കണക്കെ തിളങ്ങുന്നുണ്ട്. മകൻ പോലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് ഒറ്റയാൾ പോരാട്ടം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നീണ്ട പത്ത് വർഷത്തോളം മകന്റെ മൃതദേഹം എംബാം ചെയ്ത് വീട്ടിൽ സൂക്ഷിച്ച ഒരു സംഭവകഥയുണ്ട് ചേർത്തലക്ക് പറയാൻ. ആലപ്പുഴ ചേർത്തല നഗരസഭ പത്താം വാർഡ് ഇല്ലത്തുവെളി തങ്കപ്പനെന്ന ആ പിതാവിന്റെയും മകൻ ഗോപിയുടെയും കഥയുടെ നിജസ്ഥിതി അറിയാൻ ഇപ്പോഴും വിദേശങ്ങളിൽ നിന്നടക്കമുള്ള മാധ്യമപ്രവർത്തകരും ചരിത്രാന്വേഷികളുമെത്തുന്നു. സംഭവത്തെ കുറിച്ച് വിവരിക്കാൻ തങ്കപ്പന്റെ മൂന്നാമത്തെ മകൾ 52കാരിയായ രമയാണ് ഇന്നുള്ളത്.

ഗോപിയുടെ മൃതദേഹം സംസ്കരിച്ച സ്ഥലത്തിനരികെ സഹോദരി രമ
മരണമറിഞ്ഞത്
ടെലിഗ്രാമിലൂടെ

വർഷം 1988 ഒക്‌ടോബർ മാസം. കള്ളുഷാപ്പിൽ കറിയുണ്ടാക്കി ജീവിക്കുന്ന തങ്കപ്പന്റെയും ജാനുവിന്റെയും ഒമ്പത് മക്കളിൽ നാലാമത്തെ മകനായിരുന്നു ഗോപി. മൊസൈക്ക്, മാർബിൾ ജോലികൾ കരാറെടുത്ത് നടത്തുന്ന 23കാരൻ. ഇതിന്റെ ഭാഗമായി പുത്തനമ്പലത്തെ ഒരു വീട്ടിൽ കരാർ ഉറപ്പിച്ചിരിക്കുകയായിരുന്നു. ഇത് തുടങ്ങുന്ന ദിവസം തന്നെയാണ് ജീവിതത്തിലാദ്യമായി ഗോപി പോലീസ് സ്റ്റേഷന്റെ പടി കയറിയതും. നാലിന് വൈകിട്ടോടെ അയൽവാസിയും ഗോപിയുടെ സുഹൃത്തുമായ പോലീസുകാരൻ സുരേന്ദ്രൻ വീട്ടിലെത്തി. ഒരു ടേപ്പ് റെക്കോർഡർ മോഷ്ടിച്ച കേസിൽ ഏതോ കുട്ടികൾ പോലീസ് പിടിയിലായിട്ടുണ്ട്, അവർ ഗോപിയുടെ പേരാണ് പറഞ്ഞത്, ഗോപി വരുമ്പോൾ സ്റ്റേഷനിലേക്ക് വരാൻ എസ് ഐ അറിയിച്ചിട്ടുണ്ട്- ഇതാണ് സുരേന്ദ്രൻ പറഞ്ഞത്. രാത്രി വീട്ടിലെത്തിയ ഗോപി വിവരമറിഞ്ഞ് ഉടനെ സുരേന്ദ്രനെ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. രാവിലെ സ്റ്റേഷനിൽ ചെന്ന് കാര്യം ബോധിപ്പിച്ചാൽ മതിയെന്നും കുഴപ്പമൊന്നുമില്ലെന്നും സമാധാനിപ്പിച്ചു വിട്ടു. പുത്തനമ്പലത്തെ കരാർ ജോലിക്കായി രണ്ട് തൊഴിലാളികളെ പറഞ്ഞയച്ച ശേഷം താൻ കുറച്ചു കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് ഗോപി ചേർത്തല പോലീസ് സ്റ്റേഷനിലേക്ക് പോയി. രണ്ട് തവണ ചെന്നിട്ടും എസ് ഐ എത്തിയിട്ടില്ലാത്തതിനാൽ മടങ്ങി. മൂന്നാം തവണ ചെന്നപ്പോൾ എസ് ഐ ഇപ്പോൾ വരുമെന്ന് പറഞ്ഞു മാറ്റി നിർത്തുകയായിരുന്നു. പിന്നീട് രണ്ട് ദിവസത്തിന് ശേഷം ഗോപിയുടെ മൃതദേഹമാണ് വീട്ടിലെത്തുന്നത്. ഗോപി ലോക്കപ്പിലായതറിഞ്ഞ് സ്റ്റേഷനിലെത്തിയ അച്ഛൻ തങ്കപ്പനോട് കുഴപ്പമൊന്നുമില്ലെന്നും അവൻ ചായ ചോദിക്കുന്നുണ്ടെന്നും പറഞ്ഞ് പോലീസുകാർ ചായ വാങ്ങിപ്പിച്ചു. എന്നാൽ ചായ ഗോപിക്ക് നേരിട്ട് നൽകാൻ സമ്മതിച്ചില്ല. ഇതിനിടെ തങ്കപ്പൻ തന്റെ ബന്ധങ്ങളുപയോഗിച്ച് പല രാഷ്ട്രീയ നേതാക്കളെയും ഇടപെടുവിച്ചെങ്കിലും ഗോപിയെ വിടാൻ പോലീസ് തയ്യാറായില്ല.

അതിനിടെ സുരേന്ദ്രൻ വീണ്ടും വീട്ടിലെത്തി, മോഷണക്കുറ്റം സമ്മതിച്ചാൽ മതിയെന്നും പിന്നീട് പ്രശ്‌നങ്ങളൊന്നുമുണ്ടാകാതെ താൻ നോക്കിക്കൊള്ളാമെന്ന് ഗോപിയോട് പല തവണ പറഞ്ഞെങ്കിലും സമ്മതിച്ചില്ലെന്നും, അച്ഛനോടും അമ്മയോടുമായി പറഞ്ഞു. പ്രദേശത്തെ സ്‌പോർട്‌സ് ക്ലബിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന ഗോപിയോട് ആ വകയിൽ അല്ലറ ചില്ലറ അഭിപ്രായ വ്യത്യാസമൊക്കെ സുരേന്ദ്രനുള്ളതായറിയാം. എന്നാലും ഇത്തരമൊരു കൊടുംക്രൂരതയിൽ ആ വൈരാഗ്യം ചെന്നെത്തിക്കുമെന്നറിഞ്ഞിരുന്നില്ല. മറ്റൊരാൾ ടേപ്പ് റെക്കോർഡർ മോഷ്ടിച്ചെങ്കിലും അത് ഗോപിയുടെ പക്കലുണ്ടെന്ന് ആരോപിച്ചാണ് മർദനമുറകൾ പ്രയോഗിച്ചത്. കാളികുളം ഗുണ്ടാ ഗോപിയെന്ന പേരും അവർ തന്നെ ആ യുവാവിന് ചാർത്തിക്കൊടുത്തു. തന്റെ നിരപരാധിത്വം തെളിയിക്കാൻ ഗോപി തയ്യാറായിരുന്നെങ്കിലും അതിനൊന്നും കാത്തുനിൽക്കാതെ പോലീസ് ക്രൂരമർദനത്തിനിരയാക്കുകയും മരിക്കുകയുമായിരുന്നു. എന്നാൽ, കസ്റ്റഡിയിലെടുത്ത മൂന്നാം നാൾ ഗോപി ആത്മഹത്യ ചെയ്തതായും മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ളതായും അടുത്ത ദിവസം അച്ഛന് ഒരു ടെലിഗ്രാം ലഭിച്ചു. സ്റ്റേഷനിലെ ട്യൂബ് ലൈറ്റ് പൊട്ടിച്ചു വയറ്റിൽ കുത്തി ആത്മഹത്യ ചെയ്തുവെന്നായിരുന്നു പോലീസ് ഭാഷ്യം.

മൃതദേഹം സംസ്‌കരിക്കാതെ
പത്ത് വർഷം

പോലീസ് ആവശ്യപ്രകാരം തങ്കപ്പൻ ഏറ്റുവാങ്ങി വീട്ടുമുറ്റത്തെത്തിച്ച ഗോപിയുടെ മൃതദേഹം ഉടനെ ചിതയിലേക്കെടുക്കുമെന്ന് ധരിച്ചവർക്ക് തെറ്റി. ഗോപിയുടെ മൃതദേഹം കേടുകൂടാതെ കാലങ്ങളോളം സൂക്ഷിക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു അച്ഛൻ. ഇതിനായി പലരുടെയും സഹായവും ഉപദേശ നിർദേങ്ങളും അദ്ദേഹം നേരത്തെ തന്നെ തേടിയിരുന്നു. അങ്ങനെയാണ് വീടിന്റെ മുറ്റത്ത് പ്രത്യേകം പണിത കണ്ണാടി കല്ലറയിൽ എംബാം ചെയ്ത് ഗോപിയുടെ മൃതദേഹം സൂക്ഷിച്ചത്. കുടുംബാംഗങ്ങൾ ഉറക്കമിളച്ച് മൃതദേഹത്തിന് കാവലിരുന്നു. ഗോപിയുടെ അരുമകളായിരുന്ന വളർത്തുനായകളും കല്ലറയുടെ മുകളിൽ സദാ കാവലുണ്ടായിരുന്നു. മൃതദേഹം സൂക്ഷിക്കുന്നത് തങ്ങൾക്കെതിരെ തെളിവാകുമെന്ന് കണ്ട് എങ്ങനെയും ഇത് സംസ്‌കരിപ്പിക്കാൻ വിവിധ കോണുകളിൽ നിന്ന് സമ്മർദമുണ്ടായി. നായകളെ വിഷം കൊടുത്തു കൊല്ലാനും മൃതദേഹം മോഷ്ടിക്കാൻ പോലും ശ്രമമുണ്ടായി. ഇതിനെയെല്ലാം പ്രതിരോധിച്ച് തങ്കപ്പനും കുടുംബവും ഗോപിയുടെ മൃതദേഹം സൂക്ഷിച്ചു. മൃതദേഹം കേടുകൂടാതെ സൂക്ഷിക്കുന്നതിന് എംബാം ചെയ്യൽ സാധാരണമാണ്. എന്നാൽ, നീതിതേടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി മകന്റെ മൃതദേഹം പതിറ്റാണ്ടോളം സ്വന്തം വീട്ടുമുറ്റത്ത് സംസ്‌കരിക്കാതെ എംബാം ചെയ്ത് സൂക്ഷിക്കുന്നത് ഒരുപക്ഷേ ലോകത്തുതന്നെ ആദ്യമായിരിക്കാം. ഇത് വീട്ടുകാരെയെന്ന പോലെ പോലീസിനെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി. രണ്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള തങ്കപ്പന് ഇത്തരമൊരു ചിന്ത എങ്ങനെയുണ്ടായെന്നതിൽ വീട്ടുകാർക്ക് പോലും നിശ്ചയമില്ല.

ഇടക്ക് അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹത്തിന്റെ കൈകൾ രണ്ടും ക്രൈംബ്രാഞ്ച് സംഘം മുറിച്ചുകൊണ്ടുപോയി. പിന്നീട് ഇത് തിരികെ കിട്ടാനും പോരാട്ടം നടത്തേണ്ടിവന്നു. ഒടുവിൽ ക്രൈംബ്രാഞ്ച് സംഘം തന്നെ കൈകൾ വീട്ടിൽ മടക്കിയെത്തിച്ചു. ഇത് ഉടനെ സംസ്‌കരിക്കുകയും ചെയ്തു. പോരാട്ടം വിജയം കണ്ടെന്നുറപ്പായതോടെ നാട്ടുകാരെയും പത്രക്കാരെയും അഭിഭാഷകരെയുമെല്ലാം വിളിച്ചുകൂട്ടി ഹൈന്ദവാചാര പ്രകാരം ഗോപിയുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. 1999 ആഗസ്റ്റ് 31നായിരുന്നു അത്. സാമൂഹിക പ്രവർത്തകരും അഭിഭാഷകരുമടക്കം നിരവധി പേരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുക്കുകയും സംസ്‌കരിക്കുകയും ചെയ്തു. സംസ്‌കാര വേളയിൽ മുൻ സുപ്രീം കോടതി ജഡ്ജി വി ആർ കൃഷ്ണയ്യർ, 1997 ജനുവരിയിൽ കേരള ഹൈക്കോടതി അനുവദിച്ച നഷ്ടപരിഹാരത്തിന്റെ മൂന്നിലൊന്നായ ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകുകയും ചെയ്തു. പ്രാദേശിക പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് വിശേഷിപ്പിച്ച് അവസാനിപ്പിച്ച കേസ് 1997 ജനുവരിയിൽ ഹൈക്കോടതിയാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
മകന്റെ മൃതദേഹ പരിചരണത്തിനൊപ്പം കേസ് നടത്തിപ്പിനും വൻ തുക ചെലവായി. ഗോപിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസുകാർക്കെതിരെ നാട്ടുകാരും ചില പാർട്ടികളും സംഘടനകളുമെല്ലാം ആരോപണമുന്നയിച്ചിരുന്നെങ്കിലും കേസുമായി മുന്നോട്ടുപോകാൻ ആരുടെ ഭാഗത്തു നിന്നും സഹായമുണ്ടായില്ല. തന്റെ നിയമപോരാട്ടത്തിൽ തങ്കപ്പന് തുണയായത് ഫാദർ ജോർജ് പുലികാട്ടിൽ മാത്രമാണ്. അദ്ദേഹം സൗജന്യമായാണ് കേസ് വാദിച്ചിരുന്നത്. തങ്കപ്പൻ തന്റെ വീടും സ്ഥലവും പണയം വെച്ചാണ് കേസ് നടത്തിപ്പിനും ഗോപിയുടെ മൃതദേഹ പരിചരണത്തിനും പണം കണ്ടെത്തിയത്. 1988ൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട മകന്റെ എംബാം ചെയ്ത മൃതദേഹവുമായി നീതിക്കായി രണ്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിച്ചത് 2008 ജൂണിലാണ്. ഗോപിയെ അന്യായമായി തടവിൽ പാർപ്പിച്ച രണ്ട് പോലീസുദ്യോഗസ്ഥരെ ചേർത്തല കോടതി ഒരു വർഷം വീതം തടവിന് ശിക്ഷിച്ചു. തന്റെ സമ്പാദ്യങ്ങളെല്ലാം മകന്റെ കസ്റ്റഡി മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ചെലവഴിച്ച തങ്കപ്പന് പക്ഷേ, അവസാനം ഇവർ ശിക്ഷിക്കപ്പെടുന്നത് കാണാനിയില്ല. വിധി വരുന്നതിന് നാല് വർഷം മുമ്പേ 2004ൽ തങ്കപ്പനെ വിധി തട്ടിയെടുത്തു. സി ഐ പ്രഭാകരൻ, എസ് ഐ ശ്രീകാന്തൻ നായർ എന്നിവരെയാണ് ശിക്ഷിച്ചത്. വിധി വരുമ്പോൾ ഇരുവരും ഡെപ്യൂട്ടി സൂപ്രണ്ടുമാരായി സേനയിൽ നിന്ന് വിരമിച്ചിരുന്നു. പിന്നീട് ഇവരിൽ ഒരാൾ ആത്മഹത്യയിൽ അഭയം തേടേണ്ടി വന്നത് കാവ്യനീതിയാകാം.

ആ മരണം രമയെ
കാഷായ വേഷമണിയിച്ചു

വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്ത് വെക്കാൻ ദിവസങ്ങളെണ്ണി നിന്ന രമയുടെ കാഷായ വേഷത്തിലേക്കുള്ള പരിവർത്തനം ഒറ്റ രാത്രി കൊണ്ടായിരുന്നു. തനിക്ക് കല്യാണമുറപ്പിച്ച് അതിന്റെ ഒരുക്കങ്ങളെല്ലാം നടത്തിവരവെയാണ് ചെയ്യാത്ത കുറ്റത്തിന് ഗോപി പോലീസ് പിടിയിലാകുന്നത്. പെങ്ങളെ കെട്ടിച്ചയക്കാനും പഴക്കം ചെന്ന വീട് പുതുക്കിപ്പണിയാനുമെല്ലാം പദ്ധതിയിട്ടാണ് ഗോപി പുതിയ കരാർ ജോലിയിലേർപ്പെട്ടത്. മാർബിൾ, മൊസൈക്ക് കരാർ ജോലികൾ ഏറ്റെടുക്കുമെന്ന ബോർഡ് വീടിന് മുന്നിലെ റോഡിൽ സ്ഥാപിച്ചത് ഗോപിയുടെ നിർദേശപ്രകാരം രമ തന്നെയായിരുന്നു. കല്യാണമുറപ്പിക്കുമ്പോൾ രമക്ക് പ്രായം 21. ഗോപിയിലായിരുന്നു ആകെ പ്രതീക്ഷ. നല്ല ആരോഗ്യവാനും എന്ത് തൊഴിലും ചെയ്യാൻ മടിയുമില്ലാത്ത ഗോപി, പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടെന്നറിഞ്ഞതോടെ തനിക്ക് ഇനി വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു ആ പെങ്ങൾ. പകരം കാഷായ വേഷമണിഞ്ഞു. ഗോപിയുടെയും ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മരണം വരെ പോരാടിയ അച്ഛൻ തങ്കപ്പന്റെയും അമ്മ ജാനുവിന്റെയും വേദനിക്കുന്ന ഓർമകളുമായി സ്വന്തം വീട്ടിൽ പ്രാർഥനകളുമായി കഴിഞ്ഞു കൂടുകയാണ് രമ. ഒപ്പം സഹോദരൻ കുഞ്ഞുമോനും കുടുംബവുമുണ്ട്.