Connect with us

Malappuram

പൊന്നാനിയുടെ പൈതൃകം ഇനി പെപ്പർ സ്‌പെഷ്യൽ ടൂറിസത്തിലും

Published

|

Last Updated

പൊന്നാനി: നാട്ടുകാഴ്ചകളും തനത് സംസ്‌കാരവും നാടൻ ഭക്ഷണ വൈവിധ്യവും വരുമാന മാർഗമാക്കി മാറ്റുന്നതിനോടൊപ്പം പൊന്നാനിയുടെ സംസ്‌കാരത്തെ ലോകത്തിന് മുന്നിൽ തുറന്നിടാൻ പദ്ധതി തയ്യാറാകുന്നു. ഇതിന്റെ ഭാഗമായി പൊന്നാനിയുടെ ടൂറിസം സാധ്യതകളെയും തദ്ദേശീയമായ വ്യത്യസ്തതകളെയും പ്രദേശവാസികൾ തന്നെ പര്യവേക്ഷണം ചെയ്ത് സഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെ പെപ്പർ സ്‌പെഷ്യൽ ടൂറിസം ഗ്രാമസഭ സംഘടിപ്പിച്ചു.

സംസ്ഥാന സർക്കാറിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പൊന്നാനി നഗരസഭയിൽ ആരംഭിക്കുന്ന പെപ്പർ പദ്ധതിയോടനുബന്ധിച്ചാണ് സ്പഷ്യൽ ഗ്രാമ സഭകൾ നടന്നത്. വിനോദ സഞ്ചാര മേഖലയിൽ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് പെപ്പർ. ടൂറിസം സാധ്യതകളുള്ള പ്രദേശങ്ങളെ കണ്ടെത്തി ജനപങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന പങ്കാളിത്ത ടൂറിസം ആസൂത്രണ പ്രക്രിയയാണിത്.

ടൂറിസം മേഖലയുടെ ഗുണഫലങ്ങൾ സാധാരണക്കാർക്ക് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതിയിൽ പൊന്നാനി മണ്ഡലത്തിലെ എല്ലാ ടൂറിസം സാധ്യതകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പൊന്നാനിയുടെ സ്വന്തമായ വിവിധ ടൂറിസം സാധ്യതകളും ജനങ്ങളുടെ കഴിവും കരവിരുതുകളും പാരമ്പര്യങ്ങളും അവരുടെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയും വിവിധ പാക്കേജുകളായി നടപ്പാക്കുകയാണ് ഈ പദ്ധതിലൂടെ. ഹെറിറ്റേജ്, മത്സ്യബന്ധനം, കയർ സംസ്‌കരണം, കളിമൺ പാത്ര നിർമാണം, കായൽ സവാരി, കടൽ അറിവുകൾ, പൊന്നാനി പലഹാരങ്ങൾ, ഭക്ഷണം, ഖവാലി- ഗസൽ സംഗീത ധാരകൾ, പൈതൃക ഭവനങ്ങളിലെ താമസം, പുഞ്ചക്കോൾ മേഖലയിലെ കൃഷി പരിചയം, പരിസ്ഥിതി പഠനം തുടങ്ങി സാധാരണ ജനങ്ങളുടെ ജീവിതവുമായി ഇഴചേർന്നു നിൽക്കുന്നതാണ് പദ്ധതി.

Latest