International
ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു: വിഷയത്തില്‍ ഇടപെടണമെന്ന് ബ്രിട്ടനോട് ലേബര്‍ പാര്‍ട്ടി നേതാവ്

ലെസ്റ്റര്‍: ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും വിഷയത്തില്‍ ബിട്ടീഷ് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ചൂണ്ടിക്കാട്ടി ലേബര്‍ പാര്‍ട്ടി നേതാവ്. ആരോഗ്യ, സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ ഷാഡോ സെക്രട്ടറിയും ലെസ്റ്റര്‍ സൗത്ത് എം പിയുമായ ജോനതന്‍ ആഷ്‌വര്‍ത്താണ് ബ്രിട്ടീഷ് സര്‍ക്കാറിന് ഇത് സംബന്ധിച്ച് കത്തയച്ചിരിക്കുന്നത്.
തന്റെ മണ്ഡലമായ ലെസ്റ്ററില്‍ ഏറെ ഇന്ത്യന്‍ വംശജര്‍ സ്ഥാപിക്കുന്നുണ്ട്. ഇതില്‍ നല്ലൊരു വിഭാഗവും മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. ഇന്ത്യയില്‍ നടക്കുന്ന ആക്രമണങ്ങള്‍ സംബന്ധിച്ച് ഇവര്‍ നിരന്തരം തന്നെവന്നുകണ്ട് പരാതി പറയുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ അവരുടെ വിശ്വാസ ആചാരത്തിന് അനുസരിച്ച് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് അവര്‍ പറയുന്നത്. മതം പറഞ്ഞുള്ള കൊലപാതകങ്ങള്‍ ഏറിവരുന്നു. ലഹളകളും ആള്‍കൂട്ട ആക്രമണങ്ങളും കൂടിവരുന്നു. പൊതുവേദികളില്‍ വേര്‍തിരിക്കപ്പെടുന്നു. വളരെ ആശങ്കപ്പെടുത്തുന്നതാണ് ഇന്ത്യയിലെ സാഹചര്യം.
ഇന്ത്യന്‍ സര്‍ക്കാര്‍ ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ഒന്നും ചെയ്യുന്നില്ലെന്നും ഇവര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ബ്രിട്ടന്റെ ഇടപെടല്‍ ആവശ്യമാണെന്നും പ്രധാനമന്ത്രിക്കും വിദേശകാര്യ സെക്രട്ടറിക്കും അയച്ച കത്തില്‍ അദ്ദേഹം പറയുന്നു.