കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ കണ്ടെത്തിയ മൃതദേഹം ലോട്ടറി വില്‍പനക്കാരിയുടെത്

Posted on: July 14, 2019 9:28 am | Last updated: July 14, 2019 at 9:28 am

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ പാതി കത്തിയ നിലയില്‍ ശനിയാഴ്ച കണ്ടെത്തിയ മൃതദേഹം ലോട്ടറി വില്‍പനക്കാരിയായ തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പില്‍ പൊന്നമ്മ (55) യുടെതാണെന്ന് തിരിച്ചറിഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പ് മാതാവിനെ കാണാനില്ലെന്ന് പരാതി നല്‍കിയ യുവതിയെ മെഡിക്കല്‍ കോളജ് പോലീസ് വിളിച്ചു വരുത്തി മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങളും വളയും മറ്റും കാണിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്.

മെഡിക്കല്‍ കോളജ് പരിസരത്ത് ലോട്ടറി വില്‍ക്കുന്ന പൊന്നമ്മ ആഴ്ചയിലൊരിക്കലാണ് മകളുടെ വീട്ടില്‍ പോകാറുള്ളത്. കഴിഞ്ഞാഴ്ച ഇവരെ കാണാതായതോടെ മകള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊന്നമ്മയോടൊപ്പം ലോട്ടറി വില്‍പന നടത്തിയിരുന്നു യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്തിയാല്‍ മരണത്തെ കുറിച്ച് തുമ്പു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

തൃക്കൊടിത്താനം മെഡിക്കല്‍ കോളജിലെ ഇന്‍സിനറേറ്ററില്‍ ജോലി ചെയ്യുന്ന ജീവനക്കാരാണ് ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കാന്‍സര്‍ വാര്‍ഡിന് സമീപത്ത് മുമ്പ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്ന ഭാഗത്തായി മൃതദേഹം കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.
സമീപത്തായി ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയും ഉണ്ടായിരുന്നു. മൃതദേഹം പെട്ടിയിലാക്കി കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്.