പ്രവാചക നഗരിയോട് വിട ചൊല്ലി ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി

Posted on: July 13, 2019 8:06 pm | Last updated: July 13, 2019 at 8:06 pm

മക്ക: ഇന്ത്യയില്‍ നിന്നും ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയ ഹാജിമാര്‍ മക്കയിലെത്തി. മദീനയില്‍ നിന്നും എട്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ 5038 ഹാജിമാരാണ് അര്‍ദ്ധരാത്രിയോടെ മക്കയിലെത്തിയത്.

തീര്‍ഥാടകരെ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍റഹ്മാന്‍ ഷെയ്ഖ്, ഹജജ് കോണ്‍സല്‍ വൈ. സാബിര്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും മക്കയിലെ ഇന്ത്യന്‍ ഹജ്ജ് വളണ്ടിയര്‍ സംഘങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ബസ് മാര്‍ഗമാണ് ഹാജിമാര്‍ മദീനയില്‍ നിന്നും മക്കയിലെത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ഥാടകര്‍ മക്കയിലെത്തിച്ചേരും.

ഈ വര്‍ഷം ഒരുലക്ഷത്തിലധികം ഇന്ത്യന്‍ ഹാജിമാര്‍ക്ക് അസീസിയ്യയിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്, ഇവര്‍ക്ക് മസ്ജിദുല്‍ ഹറാമിലേക്ക് പോവുന്നതിന് 24 മണിക്കൂറും വാഹനസൗകര്യം ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് റൂമുകളില്‍ വെച്ച് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.

15,772 ഹാജിമാര്‍ ഗ്രീന്‍ കാറ്റഗറിയില്‍ മസ്ജിദുല്‍ ഹറമിന് സമീപത്താണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് ഇവര്‍ക്ക് ഭക്ഷണം സ്വന്തം നിലയില്‍ പാചകം ചെയ്യാന്‍ അനുമതിയില്ല. ഭക്ഷണത്തിനായി ഇവര്‍ പരിസരത്തെ ഹോട്ടലുകളെ ആശ്രയിക്കേണ്ടിവരും.
തീര്‍ഥാടകരുടെ സേവങ്ങള്‍ക്കായി ഐ സി എഫ്, ആര്‍ എസ് സി അടക്കമുള്ള നിരവധി മലയാളി വളണ്ടിയര്‍ സംഘങ്ങള്‍ രംഗത്തുണ്ട്.