Articles
ബാബരി: മധ്യസ്ഥ ശ്രമത്തിന് അള്ള് വെക്കുന്നതാര്?

കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് ബാബരി മസ്ജിദ് കേസ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി വിട്ടുനല്‍കുകയാണെന്ന വിധി പ്രഖ്യാപിച്ചത്. വിധിയില്‍ ഏറെ പ്രതീക്ഷകളുമുണ്ടായിരുന്നു രാജ്യത്തിനും ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കും. മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമോയെന്ന ചെറിയ സാധ്യത പോലും പരിഗണിച്ചാണ് വിഷയം മധ്യസ്ഥ ശ്രമത്തിന് വിടുന്നതെന്നും അന്തിമ വിധി വന്നാല്‍ കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഇപ്പോള്‍ മാത്രമേ എന്തെങ്കിലും കഴിയൂ എന്നും കോടതി ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ പ്രതീക്ഷകള്‍ക്കെല്ലാം മുകളിലൂടെയാണ് കഴിഞ്ഞ ദിവസം ഹിന്ദുമഹാസഭാ നേതാവും കേസിലെ കക്ഷിയുമായ ഗോപാല്‍ സിംഗ് വിശാരദിന്റെ ഹരജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അതേ ബഞ്ച് മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മധ്യസ്ഥത സംബന്ധിച്ച് തല്‍സ്ഥിതി വിവര റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കാനാണ് ഉത്തരവ്. മധ്യസ്ഥ ശ്രമം വിജയിക്കില്ലെന്ന് സമിതി അറിയിച്ചാല്‍ ജൂലൈ 25 മുതല്‍ അതിവേഗത്തില്‍ വിചാരണ ആരംഭിക്കുമെന്നും എല്ലാ ദിവസവും വിചാരണാ നടപടികളുണ്ടാകുമെന്നും ബഞ്ച് വ്യക്തമാക്കുകയും ചെയ്തു. മധ്യസ്ഥ ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ കേസ് നടപടികളുമായി മുന്നോട്ടു പോകണമെന്നുമാണ് ഗോപാല്‍ സിംഗ് വിശാരദിന്റെ ഹരജിയില്‍ പറയുന്നത്. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന രാജ്യത്തെ നല്ല മനസ്സുള്ളവരുടെ പ്രതീക്ഷകള്‍ക്ക് മുകളിലാണ് ഗോപാല്‍ സിംഗിന്റെ ഹരജി വന്നു പതിച്ചിരിക്കുന്നത്. മധ്യസ്ഥ ശ്രമങ്ങളെ സുപ്രീം കോടതിയില്‍ തുടക്കം മുതലേ ഹിന്ദു സംഘടനകള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കക്ഷികളുടെ നിലപാട് നോക്കാതെ മധ്യസ്ഥശ്രമത്തിന് സുപ്രീം കോടതിക്ക് ഉത്തരവിടാനാകുമെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് അന്ന് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഒരൊറ്റ ഹരജികൊണ്ട് ഇപ്പോള്‍ ഇെതല്ലാം തിരുത്താന്‍ പോകുന്ന പോലെയാണ് സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഇടപെടല്‍ സൂചിപ്പിക്കുന്നത്.
സുപ്രീം കോടതിക്ക്
മുന്നിലെ കേസ്
ബാബരി മസ്ജിദ് കേസ് സാമൂഹികവും രാഷ്ട്രീയവും മതകീയവും ചരിത്രപരവുമായ തര്‍ക്കമായിട്ടാണ് രാജ്യം കേട്ടിരുന്നത്. അതുകൊണ്ട് കോടതികള്‍ വളരെ പക്വമായിട്ടായിരുന്നു എല്ലായിപ്പോഴും ബാബരി മസ്ജിദ് കേസില്‍ ഇടപെട്ടുകൊണ്ടിരുന്നതും. തര്‍ക്കപരിഹാര ഫോര്‍മുല എന്ന രീതിയില്‍ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ കക്ഷികള്‍ നല്‍കിയ ഹരജികളാണ് നിലവില്‍ സുപ്രീം കോടതിക്ക് മുന്നിലുള്ളത്. 2010 സെപ്തംബര്‍ 30ന് കേസിലെ കക്ഷികളായ സുന്നി വഖ്ഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാംലല്ല എന്നിവര്‍ക്ക് ഭൂമി വീതിച്ചു നല്‍കാനായി അലഹാബാദ് ഹൈക്കോടതി മൂന്നംഗ ബഞ്ച് ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ എല്ലാ കക്ഷികളും സുപ്രീം കോടതിയില്‍ ഹരജിയുമായി എത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതിനായി ഭരണഘടനാ ബഞ്ച് രൂപവത്കരിക്കുകയും കേസ് പരിഗണിക്കുന്നതിനിടെ മധ്യസ്ഥതക്കുള്ള ശ്രമം തേടുകയുമായിരുന്നു. കക്ഷികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുന്നതിനുള്ള സി പി സി സെക്ഷന്‍ 89 ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍ മധ്യസ്ഥതയിലൂടെ പ്രശ്‌നപരിഹാരത്തിനുള്ള സുപ്രീം കോടതി തീരുമാനത്തെ തുടക്കത്തിലേ ഹിന്ദു സംഘടനകള്‍ എതിര്‍ക്കുകയാണ് ഉണ്ടായത്. വിഷയം മതപരവും വൈകാരികവുമാണെന്നും ഇത് കേവലം ഒരു സ്വത്ത് തര്‍ക്കമല്ലെന്നുമുള്ള നിലപാടാണ് കക്ഷികളായ ഹിന്ദു സംഘടനകള്‍ കേസ് മധ്യസ്ഥ ശ്രമത്തിന് വിടുന്ന സന്ദര്‍ഭത്തില്‍ വാദിച്ചത്. മധ്യസ്ഥ ശ്രമത്തെ ബി ജെ പി ഭരിക്കുന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാറും കോടതിയില്‍ എതിര്‍ത്തിരുന്നു. നേരത്തെ നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ ഫലപ്രാപ്തിയില്‍ എത്തിയില്ല എന്ന നിലപാടാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതേസമയം, മധ്യസ്ഥ ചര്‍ച്ചയുടെ അന്തിമ ഫലം എന്തായിരിക്കും എന്നതല്ല, അന്തിമ വിധി വന്നാല്‍ കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഇപ്പോള്‍ മാത്രമേ അതിന് കഴിയൂ എന്നുമാണ് കോടതി ഓര്‍മിപ്പിച്ചിരുന്നത്. മധ്യസ്ഥ ശ്രമത്തെ മുന്‍ ധാരണയോടെ കാണേണ്ടതില്ലെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഒരാളെ ചുമതലപ്പെടുത്തുന്നതിന് പകരം ഒരു സംഘത്തെ തന്നെ ഏല്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മധ്യസ്ഥ ശ്രമം വിജയത്തിലെത്തുമോയെന്ന് ഇപ്പാള്‍ പറയാനാകില്ല. ചില വിവാഹ കേസുകള്‍ മധ്യസ്ഥ ചര്‍ച്ചക്ക് വിട്ടാലും വിവാഹ മോചനത്തില്‍ കലാശിക്കാറുണ്ട്. അതുകൊണ്ട് മധ്യസ്ഥ ചര്‍ച്ചക്ക് വിടാതിരിക്കാന്‍ സാധിക്കുമോ എന്നായിരുന്നു കേസ് പരിഗണിച്ച ഭരണഘടനാ ബഞ്ചിലെ ജസ്റ്റിസ് ബോബ്ഡെ അന്ന് ചോദിച്ചത്. ഈ വിഷയത്തിന്റെ ഗൗരവാവസ്ഥ ഞങ്ങള്‍ക്ക് അറിയാം. ഇത് ഭൂമിയുടെ മാത്രം പ്രശ്‌നം അല്ല. മനസ്സിന്റെയും വികാരത്തിന്റെയും വിശ്വാസത്തിന്റെയും വിഷയമാണ്. ബാബര്‍ പള്ളി പിടിച്ചോ അമ്പലം തകര്‍ത്തോ തുടങ്ങിയ വിഷയങ്ങള്‍ അല്ല ഇപ്പോള്‍ പരിഗണിക്കുന്നത്. ഈ വിഷയം എങ്ങനെ പരിഹരിക്കാന്‍ സാധിക്കും എന്നതിനെ കുറിച്ചാണ്. മുന്‍വിധി എന്തിനാണ്? തര്‍ക്കം പരിഹരിക്കാന്‍ പറ്റുമോ എന്നാണ് ആലോചിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതി വിധി വന്ന ശേഷവും ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കം മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള സുപ്രീം കോടതി നീക്കത്തെ വിമര്‍ശിച്ച് ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള ഹിന്ദുസംഘടനകള്‍ രംഗത്തെത്തി. മധ്യസ്ഥതക്കുള്ള കോടതി നീക്കം അമ്പരിപ്പിക്കുന്നതാണെന്നും രാമക്ഷേത്ര നിര്‍മാണത്തിനുള്ള തടസ്സം നീക്കണമെന്നും കേസില്‍ എത്രയും പെട്ടെന്ന് വിധി പറയണമെന്നും ആര്‍ എസ് എസ് ആവശ്യപ്പെട്ടിരുന്നു. ഹിന്ദു സമുദായത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഷയത്തെ മനസ്സിലാക്കാനോ പരിഗണന നല്‍കാനോ കോടതി തയ്യാറായില്ലെന്നും ആര്‍ എസ് എസ് പ്രസ്താവനയിറക്കി.
കോടതിയുടെ നിലപാട് മാറ്റം
മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ജസ്റ്റിസ് ഫാഖിര്‍ മുഹമ്മദ് ഇബ്റാഹീം ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് ചുമതലപ്പെടുത്തിയത്. പ്രമുഖ അഭിഭാഷകന്‍ ശ്രീ റാം പഞ്ചു, സംഘ്പരിവാര്‍ സഹയാത്രികനായ ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് മൂന്നംഗ മധ്യസ്ഥ സമിതിയിലെ മറ്റു അംഗങ്ങള്‍. മാര്‍ച്ച് എട്ടിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പതിനഞ്ചിന് തന്നെ സമിതി ഫൈസാബാദില്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. മാധ്യമങ്ങളെ പോലും അടുപ്പിക്കാതെയായിരുന്നു ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നത്. സമിതി നിരവധി തവണ സിറ്റിംഗ് നടത്തുകയും ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്തുകയും പ്രാഥമിക റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ സമയം ആവശ്യമുള്ളതിനാല്‍ ആഗസ്റ്റ് 15 വരെ സമയം നേടുകയും ചെയ്തിരുന്നു. അതിനിടെ ബാബരി മസ്ജിദ് നിലനിന്നിരുന്ന പ്രദേശത്തിന് ചുറ്റുമുള്ള തര്‍ക്കരഹിത മിച്ചഭൂമി ഉടമസ്ഥര്‍ക്ക് മടക്കി നല്‍കാനുള്ള മോദി സര്‍ക്കാറിന്റെ നീക്കത്തെ എതിര്‍ത്ത് കേസിലെ കക്ഷിയും ഹിന്ദു പണ്ഡിത സഭയുമായ നിര്‍മോഹിഅഖാര രംഗത്തെത്തിയിരുന്നു. മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് വിശ്വഹിന്ദു പരിഷത്തുള്‍പ്പെടെയുള്ള മറ്റു കക്ഷികളെ ഒഴിവാക്കണമെന്നും ചര്‍ച്ചയില്‍ കേസിലെ ആദ്യ കക്ഷികളായ അഖാരയും സുന്നി വഖ്ഫ് ബോര്‍ഡും മാത്രം മതിയെന്നും ആവശ്യപ്പെട്ട് നിര്‍മോഹി അഖാര സുപ്രീംകോടതിയില്‍ മറ്റൊരു ഹരജിയും സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇനിയും തീരുമാനം വന്നിട്ടില്ല. അതിനിടെയാണ് ഹിന്ദുമഹാസഭാ നേതാവും കേസിലെ കക്ഷിയുമായ ഗോപാല്‍ സിംഗ് വിശാരദിന്റെ ഹരജി സുപ്രീം കോടതിയിലെത്തുന്നത്. ഇതോടെ സുപ്രീം കോടതി മധ്യസ്ഥ ചര്‍ച്ചയുടെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ബാബരി ഭൂമി തര്‍ക്ക വിഷയത്തില്‍ ഈ മാസം 18ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമോ എന്ന കാര്യം വ്യക്തമാക്കാനും കോടതി മധ്യസ്ഥ സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ മധ്യസ്ഥ സമിതിക്ക് ഇതേ ബഞ്ച് തന്നെ ആഗസ്റ്റ് 15 വരെ സമയം അനുവദിച്ചിരുന്നു. ഇക്കാര്യം തിരുത്തിക്കൊണ്ടാണ് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം മാത്രമാക്കി ചുരുക്കിയിരിക്കുന്നത്. സുന്നി വഖ്ഫ് ബോര്‍ഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ ഇന്നലെ കോടതിയില്‍ ഇക്കാര്യം തുറന്നടിക്കുകയും ചെയ്തു. ഈയൊരു ഹരജിയുടെ പേരില്‍ മാത്രമായി മധ്യസ്ഥ നടപടികള്‍ നിര്‍ത്തിവെക്കുന്നത് ശരിയല്ലെന്നും രാജീവ് ധവാന്‍ വ്യക്തമാക്കി. കോടതിയുടെ പൊടുന്നനെയുള്ള മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് അഭിഭാഷകര്‍. കൂടുതലായി നല്‍കിയ സമയം പോലും വെട്ടിച്ചുരുക്കി മധ്യസ്ഥ സമിതിയെ തിരിച്ചുവിളിക്കാന്‍ മാത്രം ഈ ഹരജിയില്‍ എന്തിരിക്കുന്നുവെന്നാണ് ഇവര്‍ ചോദിക്കുന്നത്. എന്നാല്‍ തങ്ങളാണ് മധ്യസ്ഥ ചര്‍ച്ചക്കുള്ള സമിതി രൂപവത്കരിച്ചതെന്നും ചര്‍ച്ചയുടെ പുരോഗതി എന്ത് എന്ന് തങ്ങള്‍ക്ക് അറിയണമെന്നുമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ഇതിന് മറുപടിയായി ആകെ പറഞ്ഞത്. കേസില്‍ മധ്യസ്ഥ നീക്കത്തെ തുടക്കം മുതല്‍ എതിര്‍ത്തുവന്ന കക്ഷിയാണ് ഹിന്ദുമഹാസഭ എന്ന് സൂചിപ്പിച്ചുവല്ലോ. ഈ കക്ഷിയുടെ വാദം മധ്യസ്ഥ ശ്രമത്തിന് തുടക്കമിടുമ്പോള്‍ പോലും കോടതി കേട്ടതണ്. എന്നിട്ടും സമയം വെട്ടിച്ചുരുക്കി സമിതിയെ സുപ്രീം കോടതി തിരിച്ചു വിളിക്കുന്നു. മധ്യസ്ഥ ശ്രമത്തിന് കോടതിയും അള്ള് വെക്കുന്നുവെന്ന പ്രതീതിയാണ് ഇത് സൃഷ്ടിക്കുന്നത്.
ശാഫി കരുമ്പില്‍