സുരക്ഷാ വീഴ്ച: ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ നാല് സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Posted on: July 12, 2019 9:06 pm | Last updated: July 13, 2019 at 10:25 am

ന്യൂഡല്‍ഹി: സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ നാല് സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡി ജി സി എ) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പരിശീലക മേധാവി ക്യാപ്റ്റന്‍ സഞ്ജീവ് ഭല്ല, ഫ്‌ളൈറ്റ് സുരക്ഷയുടെ തലവന്‍ ക്യാപ്റ്റന്‍ ഹേമന്ത് കുമാര്‍, ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ അഷിം മിത്ര, ക്വാളിറ്റി അഷ്വറന്‍സ് ആന്‍ഡ് ഓപ്പറേഷന്‍ സേഫ്റ്റിയിലെ ക്യാപ്റ്റന്‍ രാകേഷ് ശ്രീവാസ്തവ എന്നിവര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുള്ളത്.

ഡി ജി സി എയുടെ പ്രത്യേക ഓഡിറ്റ് സംഘം ജൂലൈ എട്ടിനും ഒമ്പതിനും ന്യൂഡല്‍ഹിക്ക് തെക്കുപടിഞ്ഞാറുള്ള ഗുര്‍ഗാവോനിലെ ഇന്‍ഡിഗോ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയത്.