കാലവർഷം ആഗസ്റ്റിൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted on: July 12, 2019 10:28 am | Last updated: July 12, 2019 at 1:05 pm


തിരുവനന്തപുരം: അടുത്ത മാസം ആദ്യം മുതൽ കാലവർഷം ശക്തമായി ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പസഫിക് സമുദ്രത്തിലുണ്ടാകുന്ന എൽനിനോ പ്രതിഭാസമാണ് ഇപ്പോഴുള്ള മഴക്കുറവിന് കാരണം. അടുത്ത മാസം ആദ്യത്തോടെ എൽനിനോ പ്രതിഭാസത്തിന് മാറ്റമുണ്ടായേക്കും. ഇതോടെ കാലവർഷം ശക്തിപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
സെപ്തംബർ മുപ്പത് വരെയാണ് കാലവർഷം. കാലവർഷക്കാലത്ത് 96 ശതമാനത്തോളം മഴ കിട്ടുമെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. പസഫിക് സമുദ്രത്തിൽ അസാധാരണമായ താപനില വർധനയാണ് ഇത്തവണ ഉണ്ടായത്. ഇതാണ് എൽനിനോ പ്രതിഭാസം. സമുദ്രോപരിതലത്തിലെ താപനില കൂടിയാൽ കിഴക്കൻ കാറ്റിന്റെ ശക്തി കുറയും. കാറ്റിന്റെ ദിശയും വേഗവും അനുകൂലമല്ലാത്ത സാഹചര്യം വന്നതുകൊണ്ടാണ് ഇതുവരെ മഴ കുറഞ്ഞത്.

കാലവർഷത്തിൽ സംസ്ഥാനത്ത് ഇതുവരെ 43 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്- 56 ശതമാനം. വയനാട്ടിലും പത്തനംതിട്ടയിലും പകുതിയിൽ താഴെ മാത്രം മഴ ലഭിച്ചപ്പോൾ തിരുവനന്തപുരമാണ് തമ്മിൽ ഭേദം. 23 ശതമാനം മഴക്കുറവാണ് തലസ്ഥാന ജില്ലയിൽ രേഖപ്പെടുത്തിയത്.

അതേസമയം, ഈ മാസം പതിനഞ്ച് വരെ തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ തെക്കു പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40- 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.