രാഷ്ട്രീയ പ്രതിസന്ധിക്കിടെ കര്‍ണാടകയില്‍ ഇന്ന് നിയമസഭാ സമ്മേളനം;വിമതരുടെ അസാന്നിധ്യം സര്‍ക്കാറിന് വെല്ലുവിളിയാകും

Posted on: July 12, 2019 9:24 am | Last updated: July 12, 2019 at 12:44 pm

ബെംഗളൂരു: വിമത എംഎല്‍എമാരുടെ രാജിയെത്തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കലാണ് ഇന്നത്തെ അജണ്ട. രാജി നല്‍കി മുംബൈയിലേക്ക് പോയ വിമത എം എല്‍ എമാരുടെ അസാന്നിധ്യം സഭയില്‍ സര്‍ക്കാരിന് വെല്ലുവിളിയാകും. എംഎല്‍എമാരുടെ രാജിയോടെ ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. രാമലിംഗ റെഡ്ഢി ഉള്‍പ്പെടെയുള്ള വിമത എം എല്‍ എമാര്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. എം എല്‍ എമാരുടെ രാജിയില്‍ തീരുമാനം ഉടന്‍ ഇല്ലെന്നു സ്പീക്കര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അയോഗ്യത ശുപാര്‍ശയിലും കൂടുതല്‍ തെളിവുകള്‍ വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

രാജി സ്വീകരിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ബിജെപി ശ്രമിച്ചേക്കും. സുപ്രീം കോടതി ഉത്തരവ് വന്നശേഷമാവും ബിജെപിയുടെ കൂടുതല്‍ നീക്കങ്ങള്‍. ഗവര്‍ണറുടെ നിലപാടും നിര്‍ണായകമാകും. ഭരണപക്ഷത്തുനിന്നും 16 പേര്‍ രാജിവെച്ചതോടെ സഭയുടെ അംഗബലം 208 ആയി കുറഞ്ഞു. ഇതില്‍ ബിജെപിക്ക് 107 പേരുടേയും സഖ്യ സര്‍ക്കാറിന് 101 പേരുടേയും പിന്തുണയുണ്ട്. അതേ സമയം വിമതരെ അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. വിമതര്‍ വഴങ്ങിയില്ലെങ്കില്‍ ഇവരെ അയോഗ്യരാക്കാനാണ് തീരുമാനം.