ഗൗരവത്തിലെടുക്കണമെന്ന് കരുതുന്നില്ല; അല്‍ഖാഇദ തലവന്റെ ഭീഷണി തള്ളി ഇന്ത്യ

Posted on: July 11, 2019 8:19 pm | Last updated: July 11, 2019 at 10:57 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സര്‍ക്കാറിനും ഇന്ത്യന്‍ സേനക്കും കനത്ത പ്രഹരമേല്‍പ്പിക്കാന്‍ ഭീകര ഗ്രൂപ്പുകളോട് ആവശ്യപ്പെടുന്ന അല്‍ഖാഇദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ വീഡിയോ സന്ദേശത്തെ തള്ളിക്കളഞ്ഞ് ഇന്ത്യ. ഐക്യരാഷ്ട്ര സഭ നിരോധിച്ച അല്‍ഖാഇദ ഇത്തരം ഭീഷണികള്‍ ഒരുപാട് കാലമായി മുഴക്കുന്നതാണെന്നും അതിനെ നിസ്സാരമായി അവഗണിക്കുന്നുവെന്നും ഇന്ത്യന്‍ വിദേശ മന്ത്രാലയം പ്രതികരിച്ചു.

കശ്മീരിലെ സര്‍ക്കാറിനും ഇന്ത്യന്‍ സൈന്യത്തിനും പ്രഹരമേല്‍പ്പിക്കുന്നതില്‍ ഏക മനസ്സോടെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുകയും മാനവശേഷിക്കും വസ്തുവഹകള്‍ക്കും നാശമുണ്ടാക്കുകയും വേണമെന്നുമായിരുന്നു കശ്മീരിനെ മറക്കരുത് എന്ന തലക്കെട്ടിലുള്ള സന്ദേശത്തിന്റെ പ്രധാന ഉള്ളടക്കം. അല്‍ഖാഇദയുടെ വീഡിയോ വിഭാഗമായ അസ് സഹബാണ് സന്ദേശം പുറത്തുവിട്ടത്. ജനാധിപത്യത്തിനും പ്രതിരോധത്തിനുമായി യു എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ലോങ് വാര്‍ ജേണല്‍ എന്ന മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. എന്നാല്‍, എന്നാണ് വീഡിയോ പുറത്തുവിട്ടതെന്ന കാര്യം അവ്യക്തമാണ്.

അല്‍ഖാഇദ തലവന്റെ ഭീഷണി സന്ദേശത്തെ മുഖവിലക്കെടുക്കുന്നില്ലെന്ന് വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇത്തരം ഭീഷണികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അതിനെ ഗൗരവമായി എടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. യു എന്‍ നിരോധിച്ച ഭീകര ഗ്രൂപ്പാണ് അല്‍ഖാഇദ. അതിന്റെ തലവനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇത്തരം ഭീഷണികളെയെല്ലാം നേരിടാനുള്ള ശിക്ഷ ഇന്ത്യന്‍ സൈന്യത്തിനുണ്ട്. ആഴ്ച തോറും നല്‍കുന്ന വാര്‍ത്താ കുറിപ്പില്‍ കുമാര്‍ വ്യക്തമാക്കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കശ്മീരിലെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ പാക്കിസ്ഥാന്റെ പങ്കിനെ സംബന്ധിച്ചും വീഡിയോയില്‍ പരാമര്‍ശിച്ചിരുന്നു. പാക് സര്‍ക്കാറും സൈന്യവും അമേരിക്കയുടെ കുഴലൂത്തുകാരാണെന്നും അവരുടെ കെണിയില്‍ ഭീകര ഗ്രൂപ്പുകളില്‍ പെട്ടവര്‍ വീഴരുതെന്നും സവാഹിരി പറഞ്ഞു. പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മുജാഹിദീനിനെ ചൂഷണം ചെയ്യുന്നവരാണ് പാക് സര്‍ക്കാറും സൈന്യവും. ഇന്ത്യ-പാക് സംഘര്‍ഷം അമേരിക്കന്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്നതും കാലങ്ങളോളം നിലനില്‍ക്കുന്നതുമായ ഒരു പോരാട്ടം മാത്രമാണ്. അതേസമയം, തങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കാണിക്കാന്‍ പാക് ചാര സംഘടനയായ ഐ എസ് ഐയാണ് ഇത്തരമൊരു വീഡിയോ പുറത്തുവിട്ടതെന്ന് ചില വിദഗ്ധന്മാര്‍ നിരീക്ഷിക്കുന്നു.