ഹജ്ജ്: മഹ്‌റമില്ലാത്തവരുടെ ആദ്യ സംഘം പുറപ്പെട്ടു

Posted on: July 11, 2019 2:44 pm | Last updated: July 11, 2019 at 2:45 pm
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഹാജിമാര്‍ക്കൊപ്പം ക്യാമ്പില്‍

മലപ്പുറം: ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്രയാകുന്ന മഹ്‌റമില്ലാതെ സ്ത്രീകള്‍ മാത്രമായുള്ള ഹാജിമാരുടെ ആദ്യ സംഘം ഇന്ന് പുറപ്പെട്ടു. ഉച്ചക്ക് 1.30 നുള്ള വിമാനത്തിലാണ് ഇവര്‍ പുറപ്പെട്ടത്.. 278 സ്ത്രീകളാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഉച്ചക്ക് 2.45 നുള്ള വിമാനത്തിലും നാളെ രാവിലെ 9.55 നുള്ള വിമാനത്തിലും 278 പേര്‍ വീതം ഈ വിഭാഗത്തില്‍ നിന്നുള്ളവര്‍ യാത്രയാകും. നാളെ ഉച്ചക്ക് 1.30ന്റെ വിമാനത്തില്‍ 276 പേരും മൂന്ന് മണിക്കുള്ള വിമാനത്തില്‍ 277 പേരുമാണ് പുറപ്പെടുക. 13ന് രാവിലെ 8.40 നാണ് മഹ്‌റമില്ലാത്ത സ്ത്രീ തീര്‍ഥാടകരുടെ അവസാന വിമാനം. 254 പേരാണ് ഈ വിഭാഗത്തില്‍ നിന്നായി അവസാന വിമാനത്തിലുണ്ടാവുക.

ഇന്നലെ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ച മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസംഗിക്കുന്നു

ഇതുവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ യാത്രയായ ഹാജിമാരുടെ എണ്ണം 3277 ആയി. ഇതില്‍ 1381 പുരുഷന്മാരും 1896 സ്ത്രീകളുമാണുള്ളത്. ഇന്നലെ മൂന്ന് വിമാനങ്ങളിലായി യാത്രയായ 899 തീര്‍ഥാടകരുള്‍പ്പെടെയാണിത്. ഇന്നും നാളെയും മൂന്ന് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. മദീനയിലെത്തിയ ഹാജിമാര്‍ എട്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി അടുത്തയാഴ്ച മുതല്‍ മക്കയിലേക്ക് നീങ്ങിത്തുടങ്ങും. ഇന്നലെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് ബശീര്‍ അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു.