എറണാകുളം- ചെന്നൈ, വേളാങ്കണ്ണി പ്രത്യേക ട്രെയിൻ

Posted on: July 11, 2019 8:23 am | Last updated: July 11, 2019 at 2:26 pm

കൊച്ചി: യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ എറണാകുളം- ചെന്നൈ, എറണാകുളം- വേളാങ്കണ്ണി പാതയിൽ പ്രത്യേക ട്രെയിൻ സർവീസുമായി റെയിൽവേ. എറണാകുളം ജംഗ്ഷൻ (സൗത്ത്)- ചെന്നൈ സെൻട്രൽ പ്രത്യേക പ്രതിവാര എക്‌സ്പ്രസ് (06038) ഞായറാഴ്ചകളിൽ വൈകുന്നേരം ഏഴിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.20ന് ചെന്നൈ സെൻട്രലിലെത്തും. ചെന്നൈ സെൻട്രൽ എറണാകുളം ജംഗ്ഷൻ പ്രത്യേക പ്രതിവാര ട്രെയിൻ (06037) വെള്ളിയാഴ്ചകളിൽ രാത്രി 8.10ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 8.45ന് എറണാകുളത്തെത്തും.

12 സ്ലീപ്പർ ക്ലാസും നാല് എ സി കോച്ചുകളുമുള്ള ട്രെയിനിൽ ജനറൽ കോച്ചുകളുണ്ടാകില്ല. പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിലാണ് കേരളത്തിലെ പൊതു സ്റ്റോപ്പുകൾ. ചെന്നൈ സെൻട്രൽ- എറണാകുളം ജംഗ്ഷൻ (06037) സർവീസിന് എറണാകുളം ടൗണിലും (നോർത്ത്) സ്റ്റോപ്പുണ്ടാകും.
നിലവിൽ പ്രത്യേക സർവീസ് നടത്തുന്ന എറണാകുളം- വേളാങ്കണ്ണി ട്രെയിനുകൾ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലും സർവീസ് തുടരും. ആഗസ്റ്റ് മൂന്ന്, 10, 17, 24, 31, സെപ്തംബർ ഏഴ്, 14, 21, 28 തീയതികളിൽ (എല്ലാ ശനിയാഴ്ചകളിലും) രാവിലെ 11ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന എറണാകുളം- വേളാങ്കണ്ണി പ്രത്യേക ട്രെയിൻ (06015) പിറ്റേ ദിവസം രാവിലെ ഏഴിന് വേളാങ്കണ്ണിയിലെത്തും. എല്ലാ ഞായറാഴ്ചകളിലുമാണ് എറണാകുളത്തേക്കുള്ള മടക്ക സർവീസ്.

ആഗസ്റ്റ് നാല്, 11, 18, 25, സെപ്തംബർ ഒന്ന്, എട്ട്, 15, 22, 29 തീയതികളിൽ വൈകിട്ട് 6.15ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06016) പിറ്റേന്ന് ഉച്ചക്ക് രണ്ടിന് എറണാകുളം ജംഗ്ഷനിലെത്തും. മൂന്ന് എ സി കോച്ചുകൾക്കും ഏഴ് സ്ലീപ്പർ കോച്ചുകൾക്കും പുറമെ രണ്ട് ജനറൽ ക്ലാസ് കോച്ചുകളും ട്രെയിനിലുണ്ടാകും. തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ എന്നീ സ്റ്റേഷനുകളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.