നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ

Posted on: July 11, 2019 2:12 pm | Last updated: July 11, 2019 at 2:12 pm


നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി പോകുന്ന ഹജ്ജ് തീർഥാടകർക്ക് ഒരുക്കുന്ന നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി. കഴിഞ്ഞ വർഷം ഹജ്ജ് തീർഥാടകർക്കു വേണ്ടി ഒരുക്കിയ എയർക്രാഫ്റ്റ് മെയിന്റനൻസ് ഹാങ്കറിനോട് ചേർന്നുള്ള സിയാൽ അക്കാദമിയിലാണ് ഹജ്ജ് ക്യാമ്പിനുള്ള സൗകര്യം ഒരുക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം ഏഴിന് ഹജ്ജ് കാര്യ മന്ത്രി കെ ടി ജലീൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും.

ആദ്യ സംഘം തീർഥാടകരുമായി ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വിമാനം യാത്രയാകും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ താത്കാലിക ഓഫീസ് ഇന്ന് മുതൽ സിയാൽ അക്കാദമിയിൽ പ്രവർത്തനം ആരംഭിക്കും. 2,740 തീർഥാടകരാണ് ഈ വർഷം നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ നിന്ന് യാത്രപുറപ്പെടുന്നത്.

തീർഥാടകർ മദീന സന്ദർശനത്തിന് ശേഷമായിരിക്കും മക്കയിൽ എത്തുക. ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് ഇവരുടെ മടക്കയാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് നിന്നുള്ള തീർഥാടകർക്ക് പുറമെ ലക്ഷദ്വീപിൽ നിന്നുള്ള ഹാജിമാരും നെടുമ്പാശ്ശേരി യിൽ നിന്നാണ് യാത്രയാകുക.

ഈ വർഷം കരിപ്പൂരിലും എംബാർക്കേഷൻ പോയിന്റ് അനുമതി ലഭിച്ചതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നെടുമ്പാശ്ശേരിയിൽ നിന്നുള്ള തീർഥാടകരുടെ എണ്ണം കുറവാണെങ്കിലും മുൻ വർഷത്തെ ക്യാമ്പിന് സമാനമായ സൗകര്യങ്ങൾ തന്നെയാണ് സിയാൽ ഒരുക്കിയിരിക്കുന്നത്.