എം എല്‍ എമാരുടെ രാജിയും കൂറുമാറ്റവും തുടരുന്നതിനിടെ കര്‍ണാടകയില്‍ ഇന്ന് നിര്‍ണായക മന്ത്രിസഭാ യോഗം

Posted on: July 11, 2019 8:12 am | Last updated: July 11, 2019 at 11:32 am

ബംഗളൂരു: ആഴ്ചയോളമായി കര്‍ണാടകയില്‍ തുടരുന്ന രാഷ്ട്രീയ അനിശ്ചിതങ്ങള്‍ക്കിടെ ഇന്ന് നിര്‍ണായക മന്ത്രിസഭാ യോഗം. രാവിലെ 11ന് വിധാന്‍ സൗധയില്‍ ചേരുന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി കുമാരസ്വാമി രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഗവര്‍ണര്‍ വജുഭായ് വാലയെ കണ്ട് നിയമസഭ പിരിച്ചുവിടാനുള്ള ശിപാര്‍ശ കുമാരസ്വാമി നല്‍കിയേക്കും. വിമതരെ അനുനയിപ്പിക്കാന്‍ ഉള്ള നീക്കങ്ങള്‍ പാളിയതും വിമതര്‍ സുപ്രീംകോടതിയിലെത്തിയതും ബി ജെ പി ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ടതും കോണ്‍ഗ്രസിന്റെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.

രാഷ്ട്രീയ പ്രതിസന്ധിയുമായി ഇനി തുടരേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസും ജെ ഡി എസും എത്തിയതായാണ് വിവരം. കൂടുതല്‍ എം എല്‍ എമാര്‍ രാജി നല്‍കിയതും തിരിച്ചു വരവിന്റെ സാധ്യതകള്‍ അടച്ചു. സര്‍ക്കാറിനെ പിരിച്ചു വിടണമെന്നാണ് ിബി ജെ പി ഗവര്‍ണറോട് ആവശ്യപ്പെട്ടത്. ഇതില്‍ തീരുമാനം വരും മുമ്പ് തന്നെ കുമാരസ്വാമി രാജിവെക്കാന്‍ ഒരുങ്ങിയതായി ദേശീയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.