വ്യാജ സൗന്ദര്യവര്‍ധക വസ്തു; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

Posted on: July 10, 2019 11:22 pm | Last updated: July 10, 2019 at 11:22 pm

അബൂദബി: വ്യാജ സൗന്ദര്യ വസ്തുക്കള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാകുമെന്ന് അബൂദബി ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ വിവിധ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് 366 പെട്ടി വ്യാജ ഉത്പന്നങ്ങള്‍ അബൂദബി മുനിസിപ്പാലിറ്റി പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. വ്യാജ ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്ന വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പിടിച്ചെടുത്ത സൗന്ദര്യ വസ്തുക്കളില്‍ കൂടുതലും വിപണിയില്‍ കൂടിയ വിലക്ക് ലഭിക്കുന്ന വന്‍കിട കമ്പനികളുടെ ഉത്പന്നങ്ങളായിരുന്നു. കണ്ടുകെട്ടിയ വസ്തുക്കളില്‍ കൂടുതലും സൗന്ദര്യവര്‍ധക വസ്തുക്കളും വെളുപ്പിക്കല്‍, മെഡിക്കല്‍ ക്രീമുകളുമായിരുന്നു. ചില ഇനങ്ങളില്‍ അറിയപ്പെടുന്ന ബ്രാന്‍ഡുകളുടെ ലേബലുകള്‍ പതിച്ചിരുന്നതായി മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ യഥാര്‍ഥമായതാണോ എന്ന് ഉറപ്പ് വരുത്തണമെന്നും, വ്യാജ ഉത്പന്നങ്ങള്‍ ചര്‍മ അലര്‍ജിയുണ്ടാക്കാനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും അബൂദബി മുന്‍സിപ്പാലിറ്റി പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. സയീദ് മുഹമ്മദ് ഖര്‍വാഷ് അല്‍ റുമൈതി പറഞ്ഞു.

വില കുറഞ്ഞ സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കണം. ഏതെങ്കിലും സാധനം വില കുറഞ്ഞതാണെങ്കില്‍, അത് വ്യാജമാകാനും ദോഷകരമാകാനും സാധ്യതയുണ്ടെന്ന് ആളുകള്‍ ഓര്‍മിക്കേണ്ടതാണെന്ന് അല്‍ റുമൈതി പറഞ്ഞു. ഉത്പന്നങ്ങള്‍ സംബന്ധിച്ച് ആശങ്ക തോന്നിയാല്‍ ഉടന്‍ തന്നെ മുന്‍സിപ്പാലിറ്റിയില്‍ വിവരമറിയിക്കണം. ഇതുവഴി വ്യാജ ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അറിയപ്പെടുന്ന ഏജന്‍സികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.