എപ്പോള്‍ വേണമെങ്കിലും വിളിക്കാം, എന്താവശ്യമുണ്ടെങ്കിലും പറയാം; തോല്‍വിക്കു ശേഷം രാഹുല്‍ ആദ്യമായി അമേത്തിയില്‍

Posted on: July 10, 2019 9:12 pm | Last updated: July 11, 2019 at 9:20 am

അമേത്തി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇതാദ്യമായി അമേത്തി സന്ദര്‍ശിച്ചു. 2004 മുതല്‍ തന്നെ ജയിപ്പിച്ചുവന്ന മണ്ഡലത്തില്‍ ബി ജെ പിയുടെ സ്മൃതി ഇറാനിയോടാണ് രാഹുല്‍ പരാജയപ്പെട്ടത്.

‘എനിക്ക് അമേത്തിയോട് വ്യക്തിപരമായ ബന്ധമാണുള്ളത്. ഒരിക്കലും ഈ മണ്ഡലം വിട്ടുപോകില്ല.’- പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു. ഞാന്‍ നിങ്ങളുടെ സ്വന്തമല്ലെന്നു കരുതരുത്. ജയം നേടിയ വയനാട്ടിലും പോകേണ്ടതുണ്ടെങ്കിലും ഇടക്കിടെ അമേത്തി സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തും. 15 വര്‍ഷം അമേത്തിയുടെ എം പിയായിരുന്ന എനിക്ക് മണ്ഡലത്തോട് വലിയ സ്‌നേഹബന്ധമാണുള്ളത്. എന്നെ നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഞാന്‍ ഇവിടെയുണ്ടാകും. രാത്രിയായാലും പുലര്‍ച്ചെ നാലു മണിക്കായാലും നിങ്ങള്‍ക്കെന്നെ ബന്ധപ്പെടാം-രാഹുല്‍ വ്യക്തമാക്കി.

അമേത്തി സന്ദര്‍ശനത്തിന്റെ ഭാഗമായി ഗൗരീഗഞ്ചിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനത്ത് ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയും അദ്ദേഹം നടത്തി. 1200 പേര്‍ക്കു മാത്രമെ ക്ഷണമുണ്ടായിരുന്നുള്ളൂവെങ്കിലും 1500 പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല പോരാട്ടത്തില്‍ സജീവമാകാന്‍ രാഹുല്‍ പ്രവര്‍ത്തകരോട്‌ ആഹ്വാനം ചെയ്തു.

എല്ലായിപ്പോഴും നെഹ്‌റു-ഗാന്ധി കുടുംബത്തോടൊപ്പം നിന്ന അമേത്തി ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ മറ്റു പലയിടങ്ങളിലുമെന്നതു പോലെ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുകയായിരുന്നു. മത്സരിച്ച രണ്ടാം മണ്ഡലമായ കേരളത്തിലെ വയനാട്ടില്‍ നിന്ന് ജയിക്കാനായതു കൊണ്ടു മാത്രമാണ് രാഹുല്‍ നിലവില്‍ എം പിയായിരിക്കുന്നത്. അമേത്തി എം പിയായിരിക്കുമ്പോള്‍ രാഹുല്‍ മണ്ഡലം സന്ദര്‍ശിക്കാറില്ലെന്ന് ബി ജെ പി ആരോപിച്ചിരുന്നു.