ജീവനക്കാരനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം: ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ രാജഗോപാല്‍ കീഴടങ്ങി

Posted on: July 9, 2019 8:16 pm | Last updated: July 10, 2019 at 10:52 am

ചെന്നൈ: ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖല സ്ഥാപകന്‍ പി രാജഗോപാല്‍ കോടതിയില്‍ കീഴടങ്ങി. ചെന്നൈ സെയ്ദാര്‍പേട്ട് കോടതിയിലാണ് രാജഗോപാല്‍ കീഴടങ്ങിയത്. ആംബുലന്‍സില്‍ ഓക്‌സിജന്‍മാസ്‌കു ധരിച്ചാണ് രാജഗോപാല്‍ കോടതിയിലെത്തിയത്. കീഴടങ്ങുന്നതിന് കൂടുതല്‍ സമയം തേടി രാജഗോപാല്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ രാജഗോപാല്‍ സമയം ചോദിച്ചത്. ഇതേ കാരണം മുന്‍നിര്‍ത്തി 2009ല്‍ ജാമ്യത്തിലിറങ്ങിയ രാജഗോപാലിനോട് ജൂലൈ ഏഴിന് കീഴടങ്ങാന്‍ പരമോന്നത കോടതി ഉത്തരവിട്ടിരുന്നു. സമയ പരിധി നീട്ടിനല്‍കാനാകില്ലെന്നും രാജഗോപാല്‍ ഉടന്‍ കീഴടങ്ങണമെന്നും ജസ്റ്റിസ് എന്‍ വി രമണ ആവശ്യപ്പെട്ടു.

തന്റെ ഹോട്ടലിലെ ജീവനക്കാരന്‍ ശാന്തകുമാറിനെ കൊലപ്പെടുത്തിയതിന് രാജഗോപാലിന് നല്‍കിയ ജീവപര്യന്തം ശിക്ഷ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. രേഖകളുടെയും വസ്തുതകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്നും ശിക്ഷക്ക് അര്‍ഹനാണെന്നും ജസ്റ്റിസുമാരായ എന്‍ വി രമണ, മോഹന്‍ എം ശന്തനഗൗഡര്‍, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബഞ്ച് വിധിക്കുകയായിരുന്നു. ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച രാജഗോപാല്‍ 2001ല്‍ ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.