Connect with us

National

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: ശരവണ ഭവന്‍ സ്ഥാപകന്‍ രാജഗോപാല്‍ ഉടന്‍ കീഴടങ്ങണമെന്ന് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങുന്നതിന് കൂടുതല്‍ സമയം തേടി ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ സ്ഥാപകന്‍ പി രാജഗോപാല്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട രാജഗോപാല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ സമയം ചോദിച്ചത്. ഇതേ കാരണം മുന്‍നിര്‍ത്തി 2009ല്‍ ജാമ്യത്തിലിറങ്ങിയ രാജഗോപാലിനോട് ജൂലൈ ഏഴിന് കീഴടങ്ങാന്‍ പരമോന്നത കോടതി ഉത്തരവിട്ടിരുന്നു. സമയ പരിധി നീട്ടിനല്‍കാനാകില്ലെന്നും രാജഗോപാല്‍ ഉടന്‍ കീഴടങ്ങണമെന്നും ജസ്റ്റിസ് എന്‍ വി രമണ ആവശ്യപ്പെട്ടു.

തന്റെ ഹോട്ടലിലെ ജീവനക്കാരന്‍ ശാന്തകുമാറിനെ കൊലപ്പെടുത്തിയതിന് രാജഗോപാലിന് നല്‍കിയ ജീവപര്യന്തം ശിക്ഷ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. രേഖകളുടെയും വസ്തുതകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്നും ശിക്ഷക്ക് അര്‍ഹനാണെന്നും ജസ്റ്റിസുമാരായ എന്‍ വി രമണ, മോഹന്‍ എം ശന്തനഗൗഡര്‍, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബഞ്ച് വിധിക്കുകയായിരുന്നു. ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച രാജഗോപാല്‍ 2001ല്‍ ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.

Latest