രണ്ട് എയര്‍ഇന്ത്യ സര്‍വീസുകളില്‍ സംസമിന് വിലക്ക്

Posted on: July 8, 2019 7:48 pm | Last updated: July 8, 2019 at 7:48 pm

ദുബൈ: എയര്‍ ഇന്ത്യയുടെ രണ്ട് സര്‍വീസുകളില്‍ സംസം ജലം കൊണ്ട് പോകുന്നതിന് വിലക്ക്. എയര്‍ ഇന്ത്യയുടെ സര്‍വീസുകളായ എഐ 966 ജിദ്ദ/ഹൈദരാബാദ്/മുംബൈ, എഐ 964 ജിദ്ദ/കൊച്ചി എന്നിവയിലാണ് സംസമിന് വിലക്കുള്ളത്. ഹജ്ജ് യാത്രികരിലെ അവസാന ബാച്ച് ഇന്ത്യയിലേക്ക് തിരിക്കുന്ന സെപ്തംബര്‍ 15 വരെയാണ് വിലക്ക്. വിസ്തൃത ഘടനയുള്ള വിമാനങ്ങള്‍ക്ക് പകരം ചെറിയ ഘടനയിലുള്ളവയാണ് ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്. ഈ കാരണത്താലാണ് സംസം കൊണ്ടുപോകുന്നത് തടഞ്ഞുകൊണ്ട് എയര്‍ഇന്ത്യ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്.

വിസ്തൃത ഘടനയുള്ള വിമാനങ്ങളില്‍ ഈ വിലക്ക് ബാധകമല്ല. കേരളത്തില്‍ നിന്ന് ഹജ്ജ് സര്‍വീസിനായി ഉപയോഗിക്കുന്ന വിമാന സര്‍വീസുകളിലും വിലക്ക് ബാധകമാക്കിയിട്ടില്ല. യാത്രക്കാരുടെ ലഗേജുകള്‍ക്കൊപ്പം സംസം ഉള്‍കൊള്ളുന്ന കാനുകള്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളതായാണ് അധികൃതരുടെ വിശദീകരണം. ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തിയിരുന്ന വലിയ വിമാനങ്ങള്‍ ഹജ്ജ് സേവനത്തിനായി പിന്‍വലിച്ചതാണ് ചെറിയ ഘടനയുള്ള വിമാനങ്ങള്‍ ഏര്‍പെടുത്തിയതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.