കര്‍ണാടക പ്രതിസന്ധി: ബി ജെ പിക്കു പങ്കില്ല, കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയെന്ന് രാജ്‌നാഥ് സിംഗ്

Posted on: July 8, 2019 3:26 pm | Last updated: July 8, 2019 at 5:46 pm

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ എസ് സഖ്യ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ ബി ജെ പിക്ക് യാതൊരു പങ്കുമില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാര്‍ലിമെന്ററി ജനാധിപത്യം സംവിധാനം നിലനിര്‍ത്താന്‍ തന്റെ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. കുതിരക്കച്ചവടത്തില്‍ ബി ജെ പി വിശ്വസിക്കുന്നില്ല.

അതേസമയം, കര്‍ണാടകയിലെ പ്രതിസന്ധിക്കു കാരണക്കാരന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്ന് രാജ്‌നാഥ് സിംഗ് ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് അദ്ദേഹം രാജിവച്ചതിനെ പിന്തുടര്‍ന്നാണ് കര്‍ണാടകത്തിലും രാജി അരങ്ങേറുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തില്‍ പാര്‍ട്ടിയിലെ നിരവധി നേതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും കൂട്ടരാജിക്ക് ഇടയാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസ്, ജനതാദള്‍ പാര്‍ട്ടികളില്‍ നിന്നുള്ള ജനപ്രതിനിധികളെ ബി ജെ പി കൂറുമാറ്റുകയാണെന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ലോക്‌സഭാ കക്ഷി നേതാവു കൂടിയായ കേന്ദ്ര മന്ത്രി.

സംസ്ഥാനത്ത് ഇതേവരെ 21 കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം മന്ത്രിയായ സ്വതന്ത്ര എം എല്‍ എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു. ജൂണ്‍ ആറിന് 11 എം എല്‍ എമാര്‍ തങ്ങളുടെ നിയമസഭാംഗത്വം രാജിവച്ചതോടെയാണ് കര്‍ണാടകയിലെ 13 മാസം പ്രായമായ സഖ്യ കക്ഷി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.