ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ രാജിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര

Posted on: July 8, 2019 10:18 am | Last updated: July 8, 2019 at 12:13 pm

ബംഗളൂരു: ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ കര്‍ണാടക ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ജി പരമേശ്വര.
ഏതാനും എം എല്‍ എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. നേതൃമാറ്റമില്ലാതെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. ഇതിനായി കൂടിക്കാഴ്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് കോണ്‍ഗ്രസിന്റെ എല്ലാ മന്ത്രിമാരുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ പത്ത് മണിക്ക് ജി പരമേശ്വരയുടെ വീട്ടില്‍ വച്ചാണ് യോഗം. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുക്കും. വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍, നിലവിലെ മന്ത്രിമാരില്‍ ചിലരോട് കോണ്‍ഗ്രസ് രാജി ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

രാമലിംഗ റെഡ്ഡി, എസ് ടി സോമശേഖര്‍, ബി സി പാട്ടീല്‍ എന്നിവര്‍ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തട്ടുണ്ട്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും പാര്‍ട്ടി അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയും കോണ്‍ഗ്രസ് നേതാക്കളുമായി ഇന്നലെ അര്‍ധരാത്രി വരെ ചര്‍ച്ച നടത്തിയിരുന്നു. വിമതരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറെന്ന് കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് സൂചന.

അതേസമയം ബി ജെ പിയുടെ നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട് പാര്‍ട്ടി ആസ്ഥാനത്ത് ചേരും. പുതിയ സംഭവ വികാസങ്ങള്‍ എങ്ങനെ പാര്‍ട്ടിക്ക് അനുകൂലമാക്കിമാറ്റാമെന്ന് യോഗം ചര്‍ച്ച ചെയ്യും.