സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ അംഗീകരിക്കുമെന്ന് ജെഡിഎസ് മന്ത്രി;രാജിയില്‍ തങ്ങള്‍ ഒറ്റക്കെട്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ

Posted on: July 7, 2019 9:14 pm | Last updated: July 8, 2019 at 9:40 am

ബെംഗളൂരു: എംഎല്‍എമാരുടെ രാജിയിലൂടെ കലങ്ങി മറിഞ്ഞ കര്‍ണാടക രാഷ്ട്രീയത്തില്‍ ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുകയായണ്. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാലും അംഗീകരിക്കുമെന്ന് ജെഡിഎസ് വ്യക്തമാക്കി. കര്‍ണാടകയില്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം മന്ത്രി ജെ ടി ദേവെഗൗഡയാണ് നിലപാട്‌
അറിയിച്ചത്. ഏകോപന സമിതി തീരുമാനിക്കുകയാണെങ്കില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിന് എതിര്‍പ്പൊന്നുമില്ല. സര്‍ക്കാരിനെ സംരക്ഷിക്കുന്നതിനാണ് ശ്രമമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.

രാജിവച്ച എംഎല്‍എ . എച്ച് വിശ്വനാഥ് രാജി പിന്‍വലിക്കാമെന്നു സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യയോ, കോണ്‍ഗ്രസിലെയോ ജെഡിഎസിലെയോ മറ്റാരെങ്കിലുമോ മുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പൊന്നുമില്ല. പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ സന്നദ്ധമാണ്. ബിജെപിയിലേക്കു പോകാനില്ലെന്നും ജെ ടി ദേവെഗൗഡ വ്യക്തമാക്കി.

കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ജെഡിഎസ് നിയമസഭാ കക്ഷിയോഗം അല്‍പസമയത്തിനകം ചേരും. യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ബെംഗളൂരുവിലെത്തിയിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിന് ശേഷമായിരിക്കും നിര്‍ണായക തീരുമാനങ്ങളെടുക്കുക. എംഎല്‍എമാര്‍ രാജിയിലുറച്ച് നില്‍ക്കുകയും സ്പീക്കര്‍ രാജി അംഗീകരിക്കുകയും ചെയ്താല്‍ സര്‍ക്കാറിന് നിയമസഭയിലെ ഭൂരിപക്ഷം നാമമാത്രം മാത്രമായിരിക്കും. ഈ സാഹചര്യത്തില്‍ കുമാരസ്വാമിക്ക് രാജിവെച്ച് ഒഴിഞ്ഞ് പോവുകയെന്ന ഒരു വഴിയെ മുന്നിലുണ്ടാകു.

അതേ സമയം എംഎല്‍എമാരെ തിരികെ എത്തിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ഊര്‍ജിതമാക്കുമ്പോഴും രാജിക്കാര്യത്തില്‍ പിന്നോട്ടില്ലെന്ന് നിലപാടിലാണ് 13 എംഎല്‍എമാരും. തങ്ങള്‍ ഒറ്റക്കെട്ടാണെന്നും രാജി പിന്‍വലിക്കില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളായ എസ്ടി സോമശേഖര്‍ പറഞ്ഞു. രാജിവെച്ച എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിന് പുറത്ത് മാധ്യമങ്ങളോടാണ് സോമശേഖര്‍ ഇക്കാര്യം പറഞ്ഞത്. രാജി പിന്‍വലിക്കുന്നതിനേക്കുറിച്ചോ ബെംഗളുരുവിലേക്ക് തിരികെ പോകുന്നതിനെക്കുറിച്ചോ ഒരു ചോദ്യം ഉദിക്കുന്നതേയില്ലെന്ന് സോമശേഖര്‍ വ്യക്തമാക്കി. രാജി പിന്‍വലിക്കാനായി കോണ്‍ഗ്രസ് ഇവര്‍ക്ക് മന്ത്രിസ്ഥാനമടക്കം വാഗ്ദാനം ചെയ്തിരുന്നു.