Connect with us

Articles

കുടിയേറ്റത്തിന്റെ ഭൂപടം

Published

|

Last Updated

കുടിയിറക്കപ്പെടും കൂട്ടരേ പറയുവിൻ
പറയുവിൻ ഏത് ദേശക്കാർ നിങ്ങൾ
പ്രസവിച്ചതിന്ത്യയായ്, പ്രസവിച്ചതിംഗ്ലണ്ടായ്
പ്രസവിച്ചതാഫ്രിക്കൻ വൻകരയായ്
അതിലെന്തുണ്ടാർക്കാനു, മുടമയില്ലാത്ത
ഭൂപടമേലും പാഴ്‌വരയ്ക്കർഥമുണ്ടോ?
എവിടെവിടങ്ങളിൽ ചട്ടിപുറത്തെടു-
ത്തെറിയപ്പെടുന്നുണ്ടീ പാരിടത്തിൽ
അവിടവിടങ്ങളെച്ചേർത്ത് വരക്കു-
കൊന്നിവരുടെ രാഷ്ട്രത്തിന്നതിർ വരകൾ!

-കുടിയിറക്കം
ഇടശ്ശേരി

തുർക്കി കടൽത്തീരത്ത് മണലിൽ മുഖം പൂഴ്ത്തി ഐലാൻ കുർദിയെന്ന മൂന്ന് വയസ്സുകാരൻ മരിച്ചു കിടക്കുന്ന ചിത്രം ലോകത്തിന്റെ നെഞ്ചിലേക്ക് തീയായി വീണത് 2015 സെപ്തംബറിലായിരുന്നു. സിറിയയിലെ കൊബാനി പ്രവിശ്യയിൽ നിന്ന് പലായനം ചെയ്തതായിരുന്നു അബ്ദുല്ല കുർദിയുടെ കുടുംബം. മധ്യധരണ്യാഴി വഴിയുള്ള യാത്രക്കൊടുവിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യത്ത് ചെന്നെത്താമെന്നും അവിടുത്തെ വിസാ രഹിത സംവിധാനമുപയോഗിച്ച് പുതിയ ജീവിതം കരുപ്പിടിപ്പിക്കാമെന്നുമായിരുന്നു മറ്റ് അഭയാർഥി സംഘങ്ങളെപ്പോലെ അബ്ദുല്ലയുടെ കുടുംബത്തിന്റെയും പ്രതീക്ഷ. പക്ഷേ, നടുക്കടലിൽ ബോട്ട് മുങ്ങി. ഒറ്റക്കോളത്തിൽ ഒതുങ്ങുന്ന വാർത്ത. ഐലാൻ, ജ്യേഷ്ഠൻ ഗാലിബ്, മാതാവ് റെഹാൻ അങ്ങനെ 12 പേരുടെ മയ്യിത്ത് നിരനിരയായി തീരത്ത് കിടന്നു. അതിൽ ഐലാന്റെ ശാശ്വതമായ ഉറക്കച്ചിത്രം ദുഗാൻ വാർത്താ ഏജൻസിയുടെ ലേഖികയും ഫോട്ടോഗ്രാഫറുമായ നിലൂഫർ ഡെമിറിന്റെ ക്യാമറയിൽ പതിഞ്ഞപ്പോൾ ലോകം ആ ഫ്രയിമിലേക്ക് ആവാഹിക്കപ്പെട്ടു. മനുഷ്യത്വം അസ്തമിക്കുകയല്ല, മേഘങ്ങളാൽ മറയ്ക്കപ്പെടുക മാത്രമാണെന്നും ഇത്തിരി കണ്ണീർ തൂകിയാൽ മതി അത് ഒരു നിറകൺ ചിരിയോടെ പുറത്ത് വരുമെന്നും ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടത് അങ്ങനെയാണ്.

ദാരിദ്ര്യഗ്രസ്തമായ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും യുദ്ധ കലുഷിതമായ സിറിയ, ലിബിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ നിന്നും മുസ്‌ലിംകൾ ക്രൂരമായ വംശശുദ്ധീകരണത്തിന് ഇരയാകുന്ന മ്യാൻമറിൽ നിന്നുമെല്ലാം പലായനം ചെയ്യുന്ന മനുഷ്യരുടെ നിസ്സഹായതയിലേക്ക് ലോകത്തിന്റെ ദൃഷ്ടി പതിയാൻ ഐലാൻ കുർദിയുടെ ചിത്രം ഹേതുവായി. പൊതുവേ കുടിയേറ്റത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന യൂറോപ്യൻ പത്രങ്ങളും ചാനലുകളും ഐലാന്റെ ചിത്രം വെച്ച് ക്യാമ്പയിൻ തന്നെ തുടങ്ങി. മരണത്തിന്റെ കൈ പിടിച്ചുള്ള കടൽ യാത്രകളുടെ നേർ ചിത്രങ്ങൾ നിറഞ്ഞു. അഭയാർഥി ക്യാമ്പുകളിലെ ശോച്യാവസ്ഥയും അനാവരണം ചെയ്യപ്പെട്ടു. മിക്ക യൂറോപ്യൻ രാജ്യങ്ങളും നിലപാടിൽ മാറ്റം വരുത്തി.
ഐലാനോളം ലോകത്തെ പിടിച്ചുലച്ച ഒരു ചിത്രം കൂടി നാല് വർഷത്തിനിപ്പുറം മാധ്യമങ്ങളിൽ നിറഞ്ഞു. ജൂൺ 24ന് വന്ന ആ ചിത്രത്തിൽ ഒരു അച്ഛനും മകളുമായിരുന്നു നൻമ വറ്റാത്ത മുഴുവൻ മനസ്സുകളെയും പൊള്ളിച്ച് കിടന്നത്.

ഓസ്‌കാർ ആൽബർട്ടോ മാർട്ടിനസ് റാമിറസും രണ്ട് വയസ്സുകാരി വലേറിയയും. സാൽവദോറിൽ നിന്നുള്ള അഭയാർഥി സംഘത്തിലുള്ളവരായിരുന്നു അവർ. അമേരിക്കയിലേക്ക് കടക്കണം. പുതിയൊരു ജീവിതം പടുത്തുയർത്തണം. റിയോ ഗ്രാൻഡേ നദീതീരത്ത് ആ സാഹസികത ഒടുങ്ങി. ആ ചിത്രത്തെ ഞാൻ വെറുക്കുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. മെക്‌സിക്കൻ അതിർത്തിയിൽ മതിൽ കെട്ടാൻ നടക്കുന്ന, അമേരിക്ക അടച്ചിട്ട ഭൂവിഭാഗമായിരിക്കണണെന്ന് ശഠിക്കുന്ന ട്രംപിനെ വലേറിയയുടെ ചിത്രം അസ്വസ്ഥമാക്കുന്നുണ്ട്. അച്ഛന്റെ ടീ ഷർട്ടിനകത്തേക്ക് മുഖം പൂഴ്ത്തി അയാളുടെ കഴുത്തിൽ കൈ ചുറ്റി കിടക്കുന്ന വലേറിയയുടെ ചിത്രത്തിലേക്ക് നോക്കി ഒന്നു കൂടി പറഞ്ഞു ട്രംപ്: അയാൾ നല്ലൊരു പിതാവാണ്. ബട്ട് ഐ ഹേറ്റ് ദാറ്റ് ഫോട്ടോ.

അതിശക്തമായ വികാരം ഉത്പാദിപ്പിക്കാൻ അച്ഛന്റെയും മകളുടെയും നിശ്ചല ചിത്രത്തിന് സാധിച്ചിരിക്കുന്നു. ട്രംപിന്റെ മാത്രമല്ല ലോകത്താകെയുള്ള കുടിയേറ്റവിരുദ്ധ വംശീയ വാദികളുടെ വാദമുഖങ്ങളെ ശക്തമായി വെല്ലുവിളിച്ചു കൊണ്ട് മനുഷ്യപ്രയാണമെന്ന യാഥാർഥ്യം ഉദ്‌ഘോഷിക്കപ്പെടുകയാണ്. ഐലാനും വലേറിയയും റാമിറസും പ്രതീകങ്ങൾ മാത്രമാണ്. അത്തരത്തിൽ എത്രയോ മനുഷ്യർ ദിനംപ്രതി കടലുകളിലും പുഴകളിലും കാടുകളിലും മരുപ്പറമ്പുകളിലും വിജനാതിർത്തികളിലും ഒടുങ്ങുന്നു. അതിനിടക്ക് വരുന്ന ഇത്തരം ചിത്രങ്ങൾ ആ മനുഷ്യരെയും ഇനിയും നടക്കാനിരിക്കുന്ന ആയിരക്കണക്കായ പുറപ്പാടുകളെയും അടയാളപ്പെടുത്തുന്നു.

എന്താണ് കുടിയേറ്റം (migration)? എന്താണ് അഭയാർഥിത്വം (refugee)? ഈ രണ്ട് പദങ്ങളും പര്യായങ്ങളാണോ? അതോ വ്യത്യസ്തമായ അർഥങ്ങളുള്ളവയോ? രണ്ടും പുറപ്പെട്ട് പോകലാണെങ്കിലും ഇവ വ്യത്യസ്ത അവസ്ഥകളാണ്. കുടിയേറ്റം സ്വാഭാവികമായ പ്രക്രിയയാകുന്നു. മെച്ചപ്പെട്ട ജീവിതം തേടി മനുഷ്യൻ സ്വമേധയാ നടത്തുന്ന പുറപ്പാടുകളാണ് അവ. സാഹചര്യത്തിന്റെ സമ്മർദങ്ങളുണ്ടാകാം. തൊഴിൽപരമോ സാമ്പത്തികമോ ആയ പ്രതിസന്ധികൾ അനുഭവിക്കുന്നുണ്ടാകാം. പ്രകൃതി ക്ഷോഭങ്ങളും കാരണമാകാം. അനുകൂല സാഹചര്യം തേടി മനുഷ്യർ അലയുന്നു. സ്വയം തിരഞ്ഞെടുത്ത വഴിയാണ് കുടിയേറ്റത്തിന്റെത്. ദേശാടന പക്ഷികളെപ്പോലെ. മാനവചരിത്രം തന്നെ കുടിയേറ്റത്തിന്റേതാണ്.

അഭയാർഥിയായിത്തീരുന്നത് ആഴത്തിലുള്ള വേദനയാണ്. സ്വന്തം മണ്ണിൽ കാലൂന്നി നിൽക്കാനാകാതെ തകർന്നടിയുന്ന അവസ്ഥയാണ് അത്. യുദ്ധം, ആഭ്യന്തര സംഘർഷം തുടങ്ങിയവ ജീവിതം അസാധ്യമാക്കി തീർത്ത ഇടങ്ങളിൽ നിന്നാണ് അവർ വരുന്നത്. വംശം, മതം, സംസ്‌കാരം തുടങ്ങിയ സ്വത്വബോധങ്ങൾ ക്രൂരമായി ആക്രമിക്കപ്പെടുമ്പോഴാണ് അവർ അഭയം തേടിയിറങ്ങുന്നത്. മരിക്കാൻ പേടിയുള്ളത് കൊണ്ട് മാത്രമാണ് അവർ നാട് വിടുന്നത്. ജീവൻ നിലനിർത്തണമെന്നേ അഭയാർഥിക്കുള്ളൂ. നിയമവിരുദ്ധമായ അഭയാർഥി എന്നൊന്ന് ലോകത്തില്ലെന്നാണ് ഇതുസംബന്ധിച്ച യു എൻ കൺവെൻഷൻ പറയുന്നത്. അഭയാർഥിയെ സൃഷ്ടിക്കുന്നത് ശാക്തിക ബലാബലത്തിൽ മേൽക്കൈ നേടിയവരാണ്.

അവരുടെ ഇടപെടലുകളാണ് ജനപഥങ്ങളെ പാഴ്ഭൂമിയാക്കുന്നത്. മനുഷ്യനിർമിതമായ പ്രതിസന്ധിയാണ് അത്. 21 ദശലക്ഷത്തിലധികം പേരാണ് അഭയാർഥികളായി വിവിധ രാജ്യങ്ങളിൽ കഴിയുന്നതെന്ന് യു എൻ കണക്കുകൾ വ്യക്തമാക്കുന്നു. സ്വന്തം രാജ്യത്തെ ക്യാമ്പുകളിൽ കഴിയുകയെന്ന ആഭ്യന്തര അഭയാർഥിത്വം വേറെയും. ആ ക്യാമ്പുകൾ ജയിലുകളേക്കാൾ കഷ്ടമാണ്. കുടിയേറ്റത്തിന് വിധേയമാകാത്ത ഒരു രാഷ്ട്രവും ഭൂമുഖത്തില്ല. അമേരിക്കയെപ്പോലെയുള്ള രാജ്യങ്ങളെ സൃഷ്ടിച്ചത് തന്നെ കുടിയേറ്റമാണ്. ആർക്കും തടയാനാകാത്ത മഹാപ്രവാഹമായി മനുഷ്യരുടെ പലായനങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കുന്നു. ഈ വസ്തുത അംഗീകരിച്ചു കൊണ്ട് മാത്രമേ ഇനി ദേശ രാഷ്ട്രങ്ങൾക്ക് നിലനിൽക്കാനാകൂ. സത്യം ഇതായിരിക്കെ, ലോകത്താകെ പ്രയോഗക്ഷമതയുള്ള രാഷ്ട്രീയ വിഷയമായി കുടിയേറ്റം മാറുന്നുവെന്നതാണ് വലിയ വിരോധാഭാസം.

രാഷ്ട്രീയമാണ് പ്രശ്‌നം

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ ബി ജെ പി ഉയർത്തിയ മുദ്രാവാക്യങ്ങളിലൊന്ന് “വിദേശികൾ ഔട്ട്” എന്നായിരുന്നു. അസാമിലെ പൗരത്വ രജിസ്റ്ററും ഇന്ത്യൻ പൗരത്വ നിയമത്തിലെ ഭേദഗതിയും വംശീയ വിഭജനത്തിനും വിദേശി, സ്വദേശി വിഭജനത്തിനും ഒരു പോലെ ഉപയോഗിക്കാവുന്നതായിരുന്നു. ബംഗ്ലാദേശികളെന്ന് മുദ്ര കുത്തി പൗരത്വത്തിൽ നിന്ന് പുറന്തള്ളുന്നവരിൽ നല്ല പങ്ക് മുസ്‌ലിംകളായതിനാൽ ഭൂരിപക്ഷ വർഗീയതയെ കത്തിച്ച് നിർത്താൻ എളുപ്പമായി. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര അഭയാർഥികൾക്ക് മാത്രമായി പൗരത്വം നൽകാനുള്ള ഭേദഗതിയായിരുന്നു രണ്ടാമത്തെ ആയുധം. ആരാണ് പൗരൻ എന്നതിന് ഈ ബില്ല് നൽകുന്ന ഉത്തരം എത്രമാത്രം വർഗീയമാണ്. ഞങ്ങളാണ് ഈ മണ്ണിന്റെ അവകാശികൾ, നിങ്ങൾ വന്നവരാണെന്ന് ഒരു കൂട്ടർ ആക്രോശിക്കുന്നു. ഈ ഉൻമാദത്തെ ദേശീയതയായി പോലും കൊണ്ടാടുമ്പോൾ അങ്ങേയറ്റം മൂർച്ചയുള്ള രാഷ്ട്രീയ ആയുധമായി അത് പരിണമിക്കുകയാണ് ചെയ്തത്.

ഇതു തന്നെയാണ് ബ്രിട്ടനിലെ ബ്രെക്‌സിറ്റിലും കണ്ടത്. യൂറോപ്യൻ യൂനിയനിൽ നിന്ന് ബ്രിട്ടനെ പുറത്തെത്തിക്കുന്നതിന് തെരേസാ മെയുടെ നേതൃത്വത്തിലുള്ള സംഘം മുന്നോട്ട് വെച്ച പല കാരണങ്ങളിൽ ഏറ്റവും പ്രഹര ശേഷിയുള്ളത് അഭയാർഥി പ്രവാഹം തന്നെയായിരുന്നു. അപകടകരമായ കുടിയേറ്റവിരുദ്ധതയും വംശീയതയും തീവ്രവലതുപക്ഷ അവബോധവുമാണ് ബ്രെക്സ്റ്റിലൂടെ വെന്നിക്കൊടി പാറിച്ചത്. യൂറോപ്യൻ യൂനിയനിൽ അംഗമായത് കൊണ്ടാണ് കുടിയേറ്റപ്രവാഹം നടക്കുന്നതെന്നും ഇങ്ങനെ വരുന്നവർ ദേശീയ സമ്പത്തിന്റെ നല്ല പങ്ക് ഒരു സംഭാവനയും തിരിച്ച് നൽകാതെ അടിച്ചു മാറ്റുകയാണെന്നും ബ്രിക്‌സിറ്റ് പക്ഷം വാദിച്ചു. മുതലാളിത്ത പ്രതിസന്ധിയുടെ ഭാഗമായി ബ്രിട്ടനിൽ സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കുടിയേറ്റമാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിച്ചത്.

ഇസിൽ തീവ്രവാദികൾ ഉയർത്തിയ ഭീതിയുടെ പശ്ചാത്തലത്തിൽ അഭയാർഥികളെ മുഴുവൻ അപകീർത്തിപ്പെടുത്തുന്ന വിദ്വേഷ പ്രചാരണത്തിന് മേൽക്കൈ ലഭിച്ചു. ഏതെങ്കിലും ഒരു ഇ യു അംഗരാജ്യത്ത് കര പറ്റുന്ന അഭയാർഥികൾക്ക് വലിയ നിയന്ത്രണങ്ങളില്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പോകാമെന്ന സാധ്യതയാണ് യൂനിയൻ മുന്നോട്ട് വെച്ചിരുന്നത്. ബ്രിട്ടൻ യൂനിയനിൽ നിന്ന് പുറത്ത് പോകുന്നതോടെ അവിടേക്കുള്ള ഈ സാധ്യത നിലയ്ക്കുന്നു.
അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതും കുടിയേറ്റവിരുദ്ധതക്ക് തീ കൊടുത്താണ്. വെള്ളക്കാരുടെ പരമാധികാരം പ്രഖ്യാപിക്കുന്ന വൈറ്റ് സൂപ്രമാസിസ്റ്റ് ഗ്രൂപ്പുകളുടെ അതേ വാദമാണ് ട്രംപ് ഉയർത്തിയത്.

കറുത്തവർക്കും മുസ്‌ലിംകൾക്കും അമേരിക്കയിൽ ഇടമില്ലെന്ന ഭ്രാന്തൻ ആശയത്തിന്റെ തടവറയിലാണ് ട്രംപെന്നത് പിന്നീട് അദ്ദേഹം കൈകൊണ്ട തീരുമാനങ്ങളിലുടനീളം കാണാം. അമേരിക്കയിലെ എല്ലാ സുരക്ഷാ പ്രശ്‌നങ്ങളുടെയും കാരണം കുടിയേറ്റക്കാരാണെന്ന് ട്രംപ് ഭരണകൂടത്തിലെ ഉന്നതർ ഇടക്കിടക്ക് പറയുന്നുണ്ടെങ്കിലും ഇക്കാലം വരെ ഇതിനെ സാധൂകരിക്കുന്ന ഒരു സർവേയും പുറത്തു വന്നിട്ടില്ല. സ്വീഡൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ശക്തിയാർജിച്ചു വരുന്ന നവനാസി സ്വഭാവമുളള ഗ്രൂപ്പുകളുടെ പ്രധാന അജൻഡ കുടിയേറ്റവിരുദ്ധതയാണ്. ഈ പ്രചാരണം നല്ലൊരു ശതമാനം ജനങ്ങളെ സ്വാധീനിക്കുന്നുവെന്നതിന്റെ തെളിവാണ് ജർമനിയിൽ ആഞ്ചലാ മെർക്കലിന്റെ പാർട്ടിക്കേറ്റ തിരിച്ചടി. അഭയാർഥികളോട് മനുഷ്യത്വപരമായ സമീപനം വേണമെന്ന് ഇന്നും തുറന്ന് ആവശ്യപ്പെടുന്ന അപൂർവം നേതാക്കളിലൊരാളാണ് മെർക്കൽ.

അവർ തൊഴിൽ കൊണ്ടുവരുന്നു

അതിർത്തി മുറിച്ചുള്ള മനുഷ്യരുടെ സഞ്ചാരം തൊഴിൽ ഘടനയെ താറുമാറാക്കുമെന്നാണ് തീവ്രവലതുപക്ഷക്കാർ നിരന്തരം പ്രചരിപ്പിക്കുന്നത്. നമ്മുടെ തൊഴിൽ അവർ തട്ടിയെടുക്കും. കൂലി കുറയും. തൊഴിലില്ലായ്മ വർധിക്കും. ഇതാണ് പായാരം. എന്നാൽ ജർമനിയുടെ മാത്രം അനുഭവമെടുത്താൽ മനസ്സിലാകും ഇതല്ല യഥാർഥത്തിൽ സംഭവിക്കുന്നതെന്ന്. അതിർത്തി കടന്നു വരുന്നവർ യന്ത്രങ്ങളല്ല. അവർ ഉണ്ണുകയും ഉടുക്കുകയും ചെയ്യുന്ന മനുഷ്യരാണ്. അവർ വരുമ്പോൾ സമ്പദ്‌വ്യവസ്ഥ ചലനാത്മകമാകും. വൻകിട സമ്പദ്‌വ്യവസ്ഥകളുടെ സഹജ സ്വഭാവമായ സ്തംഭനാവസ്ഥ മറികടക്കും. അങ്ങനെ സജീവമായ ഉത്പാദന മേഖല തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നുവെന്നാണ് രാഷ്ട്രീയമായി ഭിന്ന ധ്രുവങ്ങളിലുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ ഒരു പോലെ വ്യക്തമാക്കുന്നത്. ആഭ്യന്തര വിപണിയിൽ വിൽപ്പന സാധ്യതയുണരുകയാണ് മനുഷ്യർ കടന്നു വരുമ്പോൾ സംഭവിക്കുന്നത്.

ജനസംഖ്യാപരമായ യഥാർഥ്യങ്ങളും കുടിയേറ്റത്തിന്റെ അനിവാര്യത വെളിവാക്കുന്നുണ്ട്. സമ്പന്ന രാജ്യങ്ങളിൽ ജനന നിരക്ക് അപകടകരമായി കുറയുമ്പോൾ അവയുടെ മനുഷ്യവിഭവ ശേഷി കുത്തനെ ഇടിയുന്നു. ഇത് മറികടക്കാതെ ഈ സമ്പദ്‌വ്യവസ്ഥകൾക്ക് മുന്നോട്ട് പോകാനാകില്ല. ജനന നിരക്ക് ഉയർന്ന ആഫ്രിക്കൻ, ഏഷ്യൻ മേഖലകളിൽ നിന്ന് മനുഷ്യർ മറ്റിടങ്ങളിലേക്ക് പ്രവഹിച്ചേ തീരൂ. അത് ഉത്പാദന ക്ഷമത വർധിപ്പിക്കും. മനുഷ്യ വിഭവ ശേഷിയുടെ സന്തുലിതമായ വിതരണമാണ് ഫലത്തിൽ സംഭവിക്കുക. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കുടിയേറ്റപ്പേടി സൃഷ്ടിക്കാൻ തുനിയാത്ത രാജ്യങ്ങളെല്ലാം ഈ വഴിക്ക് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ജപ്പാൻ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. സാംസ്‌കാരിക സവിശേഷതയുടെ പേരിൽ അതിർത്തിയടച്ചിട്ടിരുന്ന ജപ്പാൻ ഇപ്പോൾ ഇമിഗ്രേഷൻ പോളിസി വല്ലാതെ ഉദാരമാക്കിയിരിക്കുകയാണ്.

തടയാനാകില്ല

അഭയാർഥി പ്രവാഹവും അതുയർത്തുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങളും പുതിയ കാര്യമല്ല. ആഗോള പ്രതിസന്ധി തന്നെയാണ് അത്. രണ്ടാം ലോക മഹായുദ്ധം സൃഷ്ടിച്ച പ്രവാഹത്തെക്കാൾ രൂക്ഷമാണ് വർത്തമാന കാലം അനുഭവിക്കുന്ന പലായനങ്ങൾ. പലയിടങ്ങളിൽ നിന്ന് പല കാരണങ്ങൾ കൊണ്ട് മനുഷ്യർ അപകടകരമായ പലായനങ്ങൾക്ക് മുതിരുന്നു. മ്യാൻമറിൽ നിന്ന് ബുദ്ധ തീവ്രവാദികളുടെ ക്രൂരമായ അടിച്ചമർത്തൽ ഭയന്ന് വെറും തോണിയിൽ കടലിലേക്കിറങ്ങുന്ന റോഹിംഗ്യൻ മുസ്‌ലിംകളുടെ പലായനം ഇന്നും തുടരുകയാണ്. അമേരിക്കയുടെ ഇറാഖ് അധിനിവേശം 40 ലക്ഷം പേരെ അഭയാർഥികളാക്കി മാറ്റി. ലിബിയയിൽ അമേരിക്ക നടത്തിയ സായുധ ഇടപെടൽ ആ രാജ്യത്തെ അരാജകമാക്കി.

സോമാലിയ, എരിത്രിയ, നൈജീരിയ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്ന് അഭയാർഥി പ്രവാഹം ശക്തമാണ്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മധ്യ അമേരിക്കയിലെ ചില രാജ്യങ്ങൾ എന്നിവയിൽ നിന്നെല്ലാം പുറപ്പാടുകൾ നടക്കുന്നു. ദാരിദ്ര്യം, യുദ്ധം, വംശീയത, ആഭ്യന്തര സംഘർഷം, രാഷ്ട്രീയ അടിച്ചമർത്തൽ, മതവിവേചനം എന്നിങ്ങനെയുള്ള തലക്കെട്ടുകളിൽ കാരണങ്ങളെ നിരത്താവുന്നതാണ്. ഈ കാരണങ്ങൾ തികച്ചും വ്യത്യസ്തമായ അളവിലും വ്യാപ്തിയിലുമാണ് ഓരോയിടത്തും അനുഭവപ്പെടുന്നത്. അനധികൃത കുടിയേറ്റം, അനധികൃത അഭയാർഥി എന്നിങ്ങനെയുള്ള പ്രയോഗം തന്നെ തെറ്റാണ്.

അതുകൊണ്ട് ചരിത്രത്തിലുടനീളം കണ്ടത് പോലെ മനുഷ്യരുടെ പ്രവാഹം സംഭവിച്ചു കൊണ്ടേയിരിക്കും. മതിൽ കെട്ടിയും നിയമത്തിന്റെ താക്കോലിട്ട് പൂട്ടിയും അത് തടയാനാകുമെന്നത് വ്യാമോഹം മാത്രമാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest