ചിലിയെ തോല്‍പ്പിച്ച് അര്‍ജന്റീന മൂന്നാമത്; മെസിക്കും ചിലി താരം ഗാരി മെദലിനും ചുവപ്പു കാര്‍ഡ്

Posted on: July 7, 2019 10:22 am | Last updated: July 7, 2019 at 2:03 pm

സാവോ പോളോ: സൂപ്പര്‍ താരം ലയണല്‍ മെസി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ ചിലിയെ പരാജയപ്പെടുത്തി കോപയില്‍ അര്‍ജന്റീന മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. 12ാം മിനുട്ടിലാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ച ഗോള്‍ പിറന്നത്. മെസിയുടെ മനോഹരമായ പാസില്‍ നിന്ന് അഗ്യുറോയാണ് ഗോള്‍ നേടിയത്. (1-0). 22ാം മിനുട്ടില്‍ പൗളോ ഡിബാല ചിലി വല വീണ്ടും കുലുക്കി (2-0). 59ാം മിനുട്ടില്‍ ആര്‍തുറോ വിദലാണ് ചിലിയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത് (1-2). പെനാല്‍ട്ടിയില്‍ നിന്നായിരുന്നു ഗോള്‍.

പലപ്പോഴും കളിയെക്കാള്‍ കയ്യാങ്കളി കണ്ട മത്സരത്തില്‍ മെസിയുമായി അടികൂടിയതിന് ചിലി താരം ഗാരി മെദലിനും ചുവപ്പു കാര്‍ഡ് കണ്ടു. കളിയുടെ 37 ാം മിനുട്ടിലാണ് ഇരുവര്‍ക്കും റഫറി പുറത്തേക്കുള്ള കാര്‍ഡ് കാണിച്ചത്. കളിയില്‍ ഇതിനു പുറമെ ഏഴ് മഞ്ഞക്കാര്‍ഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു.