ലോകകപ്പ്: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം

Posted on: July 6, 2019 7:02 pm | Last updated: July 6, 2019 at 7:04 pm

ലീഡ്‌സ്: ലോകകപ്പ് ക്രിക്കറ്റിലെ അവസാന പ്രാഥമിക റൗണ്ട് മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കു 265 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തു. തുടക്കത്തില്‍ പതറിയ ശ്രീലങ്കക്ക് സെഞ്ചുറി നേടിയ ഏഞ്ചലോ മാത്യൂസും അര്‍ധ സെഞ്ചുറി നേടിയ തിരിമാനെയുമാണ് പിന്നീട് കരുത്ത് പകര്‍ന്നത്.

ഏഞ്ചലോ മാത്യൂസ് 128 പന്തില്‍ നിന്ന് 113 റണ്‍സും തിരിമാനെ 68 പന്തില്‍ നിന്ന് 53 റണ്‍സും നേടി. കരുണരത്‌നെ (10), കുശാല്‍ പെരേര (18), അവിഷ്‌ക ഫെര്‍ണാണ്ടോ (20), കുശാല്‍ മെന്‍ഡിസ് (3) എന്നിവരാണ് ചുരുക്കം സ്‌കോറിന് പുറത്തായത്. ജസ്പ്രീത് ബുംറയുടെ ബൗളിംഗ് മികവിന് മുന്നില്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് മുട്ടിടിക്കുകയായിരുന്നു. മൂന്ന് വിക്കറ്റുകളാണ് ബുംറ എറിഞ്ഞിട്ടത്. ഇതോടെ ബുംറ ഏകദിനത്തില്‍ 100 വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്തു.

ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമിയും യുസ്‌വേന്ദ്ര ചാഹലും ക്രീസിലിറങ്ങില്ല. പകരം രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമാണ് കളിക്കുക.