ഈ ഉണർവ് മൂന്ന് വർഷത്തിന് ശേഷം

Posted on: July 6, 2019 2:05 pm | Last updated: July 6, 2019 at 2:05 pm

കരിപ്പൂർ: മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ഹജ്ജ് എംബാർക്കേഷൻ പുനഃസ്ഥാപിച്ചതിനെ തുടർന്ന് ഹജ്ജ് ക്യാമ്പ് ഇന്ന് മുതൽ വീണ്ടും പ്രവർത്തന സജ്ജമാകും. 2002 ൽ തന്നെ ഹജ്ജ് എംബാർക്കേഷനും ഹജ്ജ് ക്യാമ്പും ആരംഭിച്ച കരിപ്പൂരിൽ 2008 ൽ ഹജ്ജ് ഹൗസ് നിലവിൽ വന്നു. ആദ്യം കുമ്മിണിപ്പറമ്പിലെ ഇ എം ഇ എ കോളജിലും പിന്നീട് ഇപ്പോൾ ഹജ്ജ് ഹൗസ് നിലകൊള്ളുന്ന സ്ഥലത്തും പന്തൽ നിർമിച്ച് സംഘടിപ്പിക്കുകയായിരുന്നു.

ഹജ്ജ് ഹൗസ് നിലവിൽ വന്നതോടെ ഹജ്ജ് കമ്മിറ്റി ഓഫീസ് അടക്കം എല്ലാ സംവിധാനങ്ങളും കരിപ്പൂരിൽ തന്നെയാക്കി. പിന്നീട് നടന്ന ഓരോ ക്യാമ്പുകളും വളരെ സജീവമായിരുന്നു. 90 ശതമാനം ഹാജിമാരും മലബാർ മേഖലയിൽ നിന്നുള്ളവരായതിനാൽ കോഴിക്കോട് ഹജ്ജ് എംബാർക്കേഷൻ ഹാജിമാർക്ക് ഏറെ സൗകര്യപ്രദമാണ്.

2015 ൽ താത്കാലികമെന്ന് പറഞ്ഞാണ് കരിപ്പൂർ എയർപോർട്ടിലെ റൺവേ നവീകരണത്തിന്റെ പേരിൽ അന്നത്തെ ഹജ്ജ് കാര്യ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ കൊച്ചിയിലേക്ക് ഹജ്ജ് എംബാർക്കേഷൻ മാറ്റിയത്. ആ ഘട്ടത്തിൽ തന്നെ കരിപ്പൂരിലെ വലിയ വിമാനങ്ങളും കൊച്ചിയിലേക്ക് തിരിച്ചുവിട്ടു.

പരിസരവാസികൾ സ്ഥലം നൽകി വികസനം നടത്തിയാലേ ഹജ്ജ് എംബാർക്കേഷനും വലിയ വിമാനങ്ങളും കരിപ്പൂരിൽ തിരിച്ച് വരൂ എന്ന പുകമറ സൃഷ്ടിച്ച് 2018 അവസാനം വരെ എംബാർക്കേഷൻ കൊച്ചിയിൽ തന്നെ നിലനിർത്തി. മലബാറിലെ ജനകീയ സമരങ്ങളും ഇടപെടലുകളും ശക്തമായപ്പോഴും പല കാരണങ്ങളും പറഞ്ഞ് വീണ്ടും ഇവയെ കൊച്ചിയിലെ കുത്തക മാഫിയയും അതിന് കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥരും എം പി മാരും പിടിച്ചുവെക്കാൻ ശ്രമിച്ചു. മലബാർ ഡവലപ്‌മെന്റ്ഫോറവും എസ് വൈ എസും ഹജ്ജ് വെൽഫെയർ അസോസിയേഷനും ഉൾപ്പെടെയുള്ള സംഘടനകൾ സമരം ശക്തമാക്കിയതിനെ തുടർന്നാണ് കൊച്ചി ലോബി പിന്മാറിയത്.

സംസ്ഥാന സർക്കാറും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ല്യാരും ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും കേന്ദ്രസർക്കാറിലും ഹജ്ജ്- വ്യോമയാന മന്ത്രാലയത്തിലും സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് കരിപ്പൂരിന് വീണ്ടും പ്രതീക്ഷയുടെ ചിറകുകൾ മുളച്ചത്. സൗകര്യം പരിഗണിച്ച് കൊണ്ട് തെക്കൻ കേരളത്തിൽ നിന്നുള്ള ഹാജിമാർക്കായി ഒരു പോയിന്റ് കൊച്ചിയിൽ നിലനിർത്തിയാണ് കരിപ്പൂരിൽ എംബാർക്കേഷൻ പുനഃസ്ഥാപിച്ചത്.