Connect with us

Ongoing News

ജയിച്ചു, പക്ഷെ മഹാത്ഭുതങ്ങളൊന്നും സംഭവിച്ചില്ല; പാക്കിസ്ഥാന്‍ പുറത്ത്

Published

|

Last Updated

ലണ്ടന്‍: സെമിയില്‍ പ്രവേശിക്കുന്നതിന് ആവശ്യമായിരുന്ന മഹാത്ഭുതങ്ങളൊന്നും സംഭവിപ്പിക്കാനായില്ല. ബംഗ്ലാദേശിനെതിരെ ജയിച്ചെങ്കിലും പാക്കിസ്ഥാന്‍ ലോകകപ്പ് സെമി കാണാതെ പുറത്തായി. 315 റണ്‍സെടുത്ത പാക്കിസ്ഥാന് സെമിയില്‍ എത്തണമെങ്കില്‍ ബംഗ്ലാദേശിനെ ഏഴു റണ്‍സിനു പുറത്താക്കേണ്ടിയിരുന്നു. എന്നാല്‍, 44.1 ഓവര്‍ വരെ ബാറ്റു ചെയ്ത ബംഗ്ലാദേശ് 221 റണ്‍സിലാണ് തങ്ങളുടെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.

പാക്കിസ്ഥാന്റെ മോഹം പൊലിഞ്ഞതോടെ ന്യൂസിലന്‍ഡ് അവസാന നാലില്‍ പ്രവേശിച്ചു.ആസ്‌ത്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ നേരത്തെ സെമിയില്‍ പ്രവേശിച്ചിരുന്നു. ഇന്ത്യക്കും ആസ്‌ത്രേലിയക്കും ഓരോ മത്സരം ബാക്കിയുണ്ട്. ഇതിലെ ജയപരാജയങ്ങളെ ആശ്രയിച്ചായിരിക്കും സെമി ലൈനപ്പ് തീരുമാനിക്കപ്പെടുക. തങ്ങളുടെ അവസാന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ പരാജയപ്പെട്ടാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തു തന്നെ നില്‍ക്കുകയും ലീഗ് ഘട്ടത്തില്‍ തങ്ങളെ തോല്‍പ്പിച്ച ഇംഗ്ലണ്ടുമായി സെമിയില്‍ ഏറ്റുമുട്ടേണ്ടി വരികയും ചെയ്യും.

നിലവില്‍ ഒന്നാമതുള്ള ഓസീസിന് ദക്ഷിണാഫ്രിക്കയുമായുള്ള മത്സരമാണ് ബാക്കിയുള്ളത്. ഇതില്‍ ഓസീസ് തോല്‍ക്കുകയും ഇന്ത്യ ശ്രീലങ്കയോട് ജയിക്കുകയും ചെയ്താല്‍ ഇന്ത്യ-ന്യൂസിലന്‍ഡ് സെമിക്ക് കളമൊരുങ്ങും. ദക്ഷിണാഫ്രിക്കക്കെതിരെ ജയിച്ചാല്‍ ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ഏറ്റുമുട്ടുകയും ചെയ്യും.

9.1 ഓവറില്‍ 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകള്‍ കൊയ്ത ഷഹീന്‍ ഷാ അഫ്രീദിയാണ് ബംഗ്ലാദേശിനെ 221ല്‍ ചുരുക്കിക്കെട്ടുന്നതില്‍ പ്രമുഖ പങ്കുവഹിച്ചത്. ഷദാബ് ഖാന് രണ്ടു വിക്കറ്റ് ലഭിച്ചു.

64 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാ നിരയില്‍ തിളങ്ങിയത്. ഇതോടെ ഈ ലോകകപ്പില്‍ 606 റണ്‍സ് ഷാക്കിബ് സ്വന്തം പേരില്‍ കുറിച്ചു. ഒരു ലോകകപ്പില്‍ 600 റണ്‍സും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡ് കൂടി സ്വന്തമാക്കിയാണ് താരം മടങ്ങുന്നത്. 11 വിക്കറ്റുകളാണ് ആകെ സമ്പാദ്യം. ഒരു ലോകകപ്പില്‍ 600 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാണ് ഷാക്കിബ്. സച്ചില്‍ ടെണ്ടുല്‍ക്കറും മാത്യു ഹെയ്ഡനും മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 100 പന്തില്‍ 100 നേടിയ ഓപ്പണര്‍ ഇമാമുല്‍ ഹഖിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തിലാണ് 315ല്‍ എത്തിയത്. ഈ ലോകകപ്പിലെ തന്റെ പ്രഥമ ശതകം സ്വന്തമാക്കിയ ഇമാം ഹിറ്റ് വിക്കറ്റായാണ് പുറത്തായത്. ഫഖര്‍ സമാന്റെ (13) വിക്കറ്റ് നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ ഇമാമും ബാബര്‍ അസമും ചേര്‍ന്ന് അടിച്ചുകൂട്ടിയ 157 റണ്‍സാണ് പാക് ഇന്നിംഗ്‌സിന് അടിത്തറ പാകിയത്. സെഞ്ച്വറിക്കു നാലു റണ്‍ അകലെ (96) ബാബര്‍ എല്‍ ബി ഡബ്ല്യു ആയി കൂടാരം കയറി. ബംഗ്ലാ ബൗളിംഗ് നിരയില്‍ അഞ്ചു വിക്കറ്റുമായി മുസ്തഫിസുര്‍ റഹ്മാന്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഇതോടെ ഏകദിനങ്ങളിലെ വിക്കറ്റ് നേട്ടത്തില്‍ മുസ്തഫിസുര്‍ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. മുഹമ്മദ് സെയ്ഫുദ്ധീന്‍ മൂന്നു വിക്കറ്റ് നേടി.

Latest