Connect with us

Gulf

ഉപയോഗമനുസരിച്ച് ഡാറ്റക്ക് നിരക്ക്: സേവനങ്ങള്‍ ഇത്തിസലാത്ത്, ഡു നിര്‍ത്തലാക്കുന്നു

Published

|

Last Updated

ദുബൈ: യു എ ഇയിലെ ടെലികോം സേവനദാതാക്കളായ ഇത്തിസലാത്തും ഡുവും പേ പെര്‍ യൂസ് (ഡാറ്റ സേവനത്തിന് ഉപയോഗമനുസരിച്ച് പണമൊടുക്കുക) സംവിധാനം നിര്‍ത്തലാക്കുന്നു. ഉപഭോക്താക്കളുടെ നിരന്തരമുള്ള പരാതികളെ തുടര്‍ന്ന് യു എ ഇ ടെലി കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി (ട്രാ) ഇത്തരം സേവനങ്ങള്‍ നിര്‍ത്തലാക്കുവാന്‍ സേവനദാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.

ഉപഭോക്താക്കള്‍ ഈ സേവനങ്ങളുടെ പേരില്‍ അധികം നിരക്കുകള്‍ ഒടുക്കേണ്ടി വരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ട്രാ അധികൃതര്‍ വ്യക്തമാക്കി. ഒരു നിശ്ചിത നമ്പറിലേക്ക് ഡയല്‍ ചെയ്യുന്ന പക്ഷം മിനുട്ടുകളുടെ അടിസ്ഥാനത്തില്‍ ഡാറ്റ സേവനങ്ങള്‍ ലഭ്യമാക്കുന്ന രീതിയാണിത്. ആവശ്യത്തിന് ശേഷം സേവനം റദ്ദ് ചെയ്യുന്നതിന് അതേ നമ്പറിലേക്ക് തന്നെ ഡയല്‍ ചെയ്ത് നിര്‍ത്തലാക്കേണ്ടതുണ്ട്.

ആദ്യത്തെ 15 മിനുട്ടിന് 30 ഫില്‍സും പിന്നീട് വരുന്ന ഓരോ മിനുട്ടിനും രണ്ട് ഫില്‍സ് വീതവും നിരക്ക് ഈടാക്കും. അതേസമയം, ഈ സേവനം റദ്ദ് ചെയ്യാന്‍ മറക്കുകയും മറ്റേതെങ്കിലും സേവനം ഉപയോഗിക്കുകയും ചെയ്താലും ഇതേ ഡാറ്റ സേവനത്തിന് 24 മണിക്കൂറിന് 28 ദിര്‍ഹം ഈടാക്കും. ഇത്തരത്തില്‍ സേവനം റദ്ദ് ചെയ്യാന്‍ മറന്നു പോകുന്ന ഉപഭോക്താക്കള്‍ക്ക് നിരക്ക് ഭാരമാകുന്നതായാണ് പരാതി. എന്നാല്‍ ട്രാ അധികൃതര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ഉപഭോക്താക്കളുടെ പരാതികളെ തുടര്‍ന്നാണ് നടപടിയെന്ന് വിശദീകരിക്കുന്നില്ല. നടപടിയുടെ കാരണത്തെ കുറിച്ച് പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest