ബിജെപി എംഎല്‍എ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: അനധികൃത കെട്ടിടം നഗരസഭ പൊളിച്ചു നീക്കി

Posted on: July 5, 2019 1:50 pm | Last updated: July 5, 2019 at 4:14 pm

ഇന്‍ഡോര്‍: അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ ബിജെപി എംഎല്‍എ പൊതുജനമധ്യത്തില്‍ ക്രിക്കറ്റ് ബാറ്റുകൊണ്ടടിച്ച സംഭവം വലിയ വിവാദമായതിന് പിറകെ കെട്ടിട സമുച്ചയം നഗരസഭ പൊളിച്ച് നീക്കി.കെട്ടിടത്തിന്റെ ഉടമയായ ഭുരെ ലാല്‍ കെട്ടിടം പൊളിക്കുന്നതിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഹര്‍ജി തള്ളിയതോടെയാണ് കെട്ടിടം നഗരസഭ  ഇന്ന് പൊളിച്ചുനീക്കിയത്. ലാലിന് മൂന്ന് മാസം താത്കാലികമായി താമസിക്കാന്‍ സൗകര്യമൊരുക്കണമെന്ന് മുന്‍സിപ്പല്‍ കൗണ്‍സിലിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഇന്‍ഡോറിലെ ഗഞ്ച് പ്രദേശത്ത് അനധികൃതമായി സ്ഥാപിക്കപ്പെട്ട കെട്ടിടം പൊളിച്ചു നീക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു ആകാശ് വിജയവര്‍ഗിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് അക്രമിച്ചത്. മാധ്യമപ്രവര്‍ത്തകരുടെയും പോലീസിന്റെയും മുന്നിലായിരുന്നു എംഎല്‍എയും അനുയായികളും ഉദ്യോഗസ്ഥരെ തല്ലിച്ചതച്ചത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.ബിജെപി മുതിര്‍ന്ന നേതാവ് കൈലാഷ് വിജയവര്‍ഗിയയുടെ മകനാണ് ആകാശ് വിജയവര്‍ഗിയ.സംഭവത്തില്‍ ആകാശിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.