ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഫീസിളവ് പിന്‍വലിച്ചതില്‍ പ്രതിഷേധം

Posted on: July 4, 2019 11:59 pm | Last updated: July 4, 2019 at 11:59 pm

ദമ്മാം: ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ ഒരു കുടുംബത്തിലെ എല്ലാ കുട്ടികള്‍ക്കും ഒരേ ഫീസ് ഏര്‍പ്പെടുത്തിയ മാനേജ്‌മെന്റ് നടപടിയില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രതിഷേധിച്ചു. ഇന്ത്യന്‍ സ്‌ക്കൂളില്‍ പഠിക്കുന്ന കുടുംബത്തില്‍ നിന്നും ഒന്നിലധികം കുട്ടികള്‍ പഠിക്കുന്നവര്‍ക്ക് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ വര്ഷങ്ങളായി പ്രത്യേക ഫീസിളവ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സാമ്പത്തിക പ്രതിസന്ധികള്‍ പറഞ്ഞ് രണ്ടാമത്തെ കുട്ടിയ്ക്കുള്ള ഫീസിളവ് പിന്‍വലിച്ച സ്‌ക്കൂള്‍ മാനേജ്‌മെന്റ്, ഇനിയുള്ള അധ്യയനവര്‍ഷം ഒരു കുട്ടിയ്ക്കും ഫീസിളവ് നല്‍കേണ്ടതില്ലല്ലെന്നും തീരുമാനിച്ചതാണ് പ്രതിഷേധത്തിന് കാരണം.

ഇന്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിയ്‌ക്കേണ്ട സ്‌ക്കൂള്‍ മാനേജ്‌മെന്റ്, വെറും കച്ചവട മനഃസ്ഥിതിക്കാരായി മാറുന്ന കാഴ്ച വേദനാജനകമാണെന്ന് പ്രവാസികള്‍ പറയുന്നു. ഫാമിലി ലെവിയും, വാറ്റ് നികുതിയും, മറ്റു ചാര്‍ജ്ജ് വര്ധനവുകളും കാരണം കുടുംബബജറ്റ് തന്നെ തെറ്റി നില്‍ക്കുന്ന പ്രവാസി കുടുംബങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് തള്ളി വിടുന്നതാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം. പുതിയ തീരുമാനം പുനഃപരിശോധി്ക്കണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ ബെന്‍സി മോഹന്‍ ജി, എം എ വാഹിദ് കാര്യറ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.