റോഡിലെ കുഴി: എന്‍ജിനീയറുടെ ദേഹത്ത് ചളികോരി ഒഴിച്ച കോണ്‍ഗ്രസ് എം എല്‍ കസ്റ്റഡിയില്‍

Posted on: July 4, 2019 8:04 pm | Last updated: July 5, 2019 at 9:28 am

മുംബൈ: റോഡില്‍ കുഴികള്‍ രൂപപ്പെട്ടതിന് എന്‍ജിനീയറുടെ ദേഹത്ത് ചളികോരി ഒഴിച്ച മഹാരാഷ്ട്ര കോണ്‍ഗ്രസ് എം എല്‍ എ കസ്റ്റഡിയില്‍. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതീഷ് റാണെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിതീഷിനെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.

മുംബൈ ഗോവ ഹൈവേയിലെ കന്‍കവാലിക്ക് അടുത്തുള്ള ഒരു പാലത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ഇവിടത്തെ റോഡിന്റെ പ്രവൃത്തിക്ക് നേതൃത്വം നല്‍കിയ എന്‍ജിനീയര്‍ എന്‍ജിനിയര്‍ പ്രകാശ് ഷെദേക്കറെയാണ് മര്‍്ദനത്തിന് ഇരയായത്. ചളികോരി ഒഴിച്ചതിന് പിന്നാലെ എം എല്‍ എയുടെ ഒപ്പമുണ്ടായിരുന്ന അനുയായികള്‍ എന്‍ജിനീയറെ പാലത്തില്‍ കെട്ടിയിടുകയും ചെയ്തിരുന്നു.

കനകാവ്‌ലിയിലെ റോഡിന്റെ ശോചനീയാവസ്ഥ നേരിട്ടറിയാന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റിനും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമൊപ്പമെത്തിയ എം എല്‍ എ റോഡിന്റെ നിലവിലെ സ്ഥിതി കണ്ട് പ്രകോഭിതനാകുകയായിരുന്നു. എങ്ങനെയാണ് ജനങ്ങള്‍ മണ്ണും ചെളിയും കുഴിയും നിറഞ്ഞ ഈ റോഡിലൂടെ ദിവസവും യാത്ര ചെയ്യേണ്ടതെന്ന് ചോദിച്ച എം എല്‍ എ, ജനങ്ങള്‍ ദിവസവും അനുഭവിക്കുന്ന അവസ്ഥ എന്‍ജിനീയറും മനസിലാക്കണമെന്ന് പറഞ്ഞ് ചെളിവെള്ളം ഷെദേക്കറുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു.

എന്‍ജിനിയറെ ചെളിയില്‍ കുളിപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

എന്നാല്‍ മകന്‍ ചെയത് തെറ്റിന് എന്‍ജിനീയറോട് മാപ്പ് പറയുന്നതായി മുന്‍മുഖ്യമന്ത്രി നാരായണ്‍ റാണെ പ്രതികരിച്ചു. ചെയ്തത് തെറ്റാണെന്ന് മകനോട് താന്‍ പറഞ്ഞതായും സംഭവത്തില്‍ ഉത്തരവാദപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരോടും താന്‍ മാപ്പ് പറയുന്നതായും നാരായണ്‍ റാണെ പറഞ്ഞു.