കൃത്യമായി നികുതിയടക്കൂ, വിമാനത്താവളത്തിന് നിങ്ങളുടെ പേരിടാം; സാമ്പത്തിക സര്‍വേയില്‍ ഓഫര്‍ പെരുമഴ

Posted on: July 4, 2019 6:40 pm | Last updated: July 4, 2019 at 9:22 pm

ന്യൂഡല്‍ഹി: അഞ്ച് ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ നികുതി ദായകര്‍ക്ക് ഓഫര്‍ പെരുമഴ. ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ നികുതിയടക്കുന്ന പത്ത് നികുതിദായകര്‍ക്കായി പ്രത്യേക പ്രിവില്ലേജ് ക്ലബ് മുതല്‍ ഒരു ദശാബ്ദത്തിനിടയില്‍ ഏറ്റവും കൂടുതല്‍ നികുതി അടക്കുന്നവരുടെ പേരില്‍ വിമാനത്താവളം വരെയുള്ള വാഗ്ദാനങ്ങളാണ് സര്‍വേ മുന്നോട്ടുവെക്കുന്നത്. ഇന്ത്യയെ കരുത്തുറ്റ സാമ്പത്തിക ശക്തിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍വേയില്‍ പരമാവധി നികുതി വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഏറ്റവും കൂടുതല്‍ നികുതി അടയക്കുന്നവര്‍ക്കായി പ്രത്യേക പ്രിവില്ലേജ് ക്ലബുകള്‍ രൂപവത്കരിക്കും. ഇതില്‍ അംഗങ്ങളാകുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ ബോര്‍ഡിംഗ് പാസെടുക്കുന്നതിനും ടോള്‍ പ്ലാസകളില്‍ പെട്ടെന്ന് കടന്നുപോകുന്നതിനും സൗകര്യമൊരുക്കും. ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഇവര്‍ക്കായി പ്രത്യേക ക്യ ഉള്‍പ്പെടെ ആനുകൂല്യങ്ങളും നല്‍കും. ഒരു ജില്ലയില്‍ ഏറ്റവും കൂടുതല്‍ നികുതിയടക്കുന്ന പത്ത് പേരെയാണ് ഇതിനായി തിരഞ്ഞെടുക്കുക.

പത്ത് വര്‍ഷക്കാലയളവിനിടയില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്നയാളുടെ പേര് വിമാനത്താവളങ്ങള്‍, ട്രെയിനുകളള്‍, സ്‌കൂളുകള്‍, യൂനിവേഴ്‌സ്റ്റികള്‍, ആശുപത്രികള്‍, റോഡുകള്‍, പ്രധാന ബില്‍ഡിംഗുകള്‍ തുടങ്ങിയവയ്ക്ക് നല്‍കും. സത്യസന്ധമായി നികുതി അടയക്കുന്നവര്‍ ആദരിക്കപ്പെടേണ്ടവരാണെന്ന സാമൂഹിക ബോധം ഇതിലൂടെ വളര്‍ത്താനാകുമെന്നഉം സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

2019-2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 6.8ല്‍നിന്ന് ഏഴ് ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതു ധനക്കമ്മി 2019 സാമ്പത്തിക വര്‍ഷത്തില്‍ 5.8 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനാണ് കഴിഞ്ഞ ഒരുവര്‍ഷത്തെ സാമ്പത്തികസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.