രാജ്കുമാറിനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചത് നാലു ദിവസം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Posted on: July 4, 2019 11:07 am | Last updated: July 4, 2019 at 1:33 pm

പീരുമേട്: തൂക്കുപാലം ഹരിത ഫിനാന്‍സ് നടത്തിപ്പുകാരനായ കോലാഹലമേട് സ്വദേശി രാജ്കുമാറിന് പോലീസ് കസ്റ്റഡിയില്‍ നാലു ദിവസം അതിക്രൂര മര്‍ദനമേറ്റതായി വ്യക്തമാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്. ജൂണ്‍ 12ന് വൈകിട്ട് അഞ്ചു മുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന 15 വരെ രാജ്കുമാറിനെ മര്‍ദിച്ചതായി വ്യക്തമായെന്നും ന്യൂമോണിയ ബാധിച്ചതിനു കാരണം പ്രാകൃതമായ രീതിയിലുള്ള മര്‍ദനമാണെന്നും കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനത്തില്‍ പ്രതികളായ പോലീസുകാര്‍ സ്‌റ്റേഷന്‍ രേഖകളില്‍ ഉള്‍പ്പടെ കൃത്രിമം കാണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇടുക്കി എസ് പിക്കെതിരെയും നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനു ശേഷമായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുക. അതിനിടെ, സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് രാജ്കുമാറിന്റെ മാതാവ് കസ്തൂരി ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും അവര്‍ പറഞ്ഞു.

കേസില്‍ നാലു പ്രതികളുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരില്‍ നെടുങ്കണ്ടം എസ് ഐ. കെ എ സാബു, സിവില്‍ പോലീസ് ഓഫീസര്‍ സജീവ് ആന്റണി എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ നാലു ദിവസത്തോളം കസ്റ്റഡിയില്‍ മര്‍ദിച്ചതായി ഇരുവരും ക്രൈം ബ്രാഞ്ചിനോട് കുറ്റസമ്മതം നടത്തിയതായാണ് വിവരം. ഇവര്‍ക്കെ
തിരെ കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.