Connect with us

Saudi Arabia

പ്രവാസികളുടെ പ്രശ്‌ന പരിഹാരത്തിന് കൂട്ടായ ശ്രമം വേണം: ഐ.സി.എഫ് ചര്‍ച്ചാ സംഗമം

Published

|

Last Updated

ഐ സി എഫ് ചര്‍ച്ചാസംഗമം നാഷണല്‍ സെക്രട്ടറി നിസാര്‍ കാട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു

ദമ്മാം: ചെറുകിട നിക്ഷേപ രംഗത്തും സീസണ്‍ സമയങ്ങളിലെ വിമാന നിരക്ക് വര്‍ദ്ധനയിലുമടക്കം പ്രവാസികള്‍ നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കൂട്ടായ ശ്രമം ആവശ്യമാണെന്ന് ഐ സി എഫ് സഊദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച “പ്രവാസിക്കും അവകാശങ്ങളുണ്ട് – ചുവപ്പ് നാടയില്‍ കുരുങ്ങുന്ന പ്രവാസികള്‍” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു.

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ ഒരുപ്രതീകം മാത്രമാണെന്നും ഇത് ഒറ്റപ്പെട്ടതായി കാണാന്‍ കഴിയില്ലെന്നും കേവലം നിയമനിര്‍മാണത്തിനപ്പുറം അത് സമൂഹത്തതിന്റെ താഴെ തട്ടിലേക്ക് എത്തിച്ച് നടപ്പാക്കേണ്ടത് സര്‍ക്കാറുകളുടെ ബാധ്യതയാണെന്നും വിഷയാവതരണം നടത്തിയ ഉമര്‍ സഖാഫി മൂര്‍ക്കനാട് പറഞ്ഞു.

ഉദ്യോഗസ്ഥരും സര്‍ക്കാരും പരസ്പരം കുറ്റപ്പെടുത്തുന്ന പതിവ് ശൈലിയാണ് ഇപ്പോഴുമുള്ളത്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി മാറിമാറി വരുന്ന സര്‍ക്കാറുകള്‍ പ്രവാസികളോടുള്ള അവഗണന തുടരുകയാണെന്നും ഫണ്ടുകള്‍ക്കും ഖജനാവ് നിറക്കുന്നതിനും മാത്രമാണ് പ്രവാസികള്‍ എന്ന മനോഭാവം മാറുകയാണ് ഇതിന് പരിഹാരമെന്നും പ്രവാസികള്‍ പുതുതായി ആരംഭിക്കുന്ന നിക്ഷേപങ്ങളും സംരംഭങ്ങളും കൂടുതല്‍ പഠന വിധേയമാക്കിയ ശേഷമായിരിക്കണം പുതിയ ആരംഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു

സര്‍ക്കാര്‍ ഓഫീസുകളില്‍ കൈക്കൂലി ഇല്ലാതെ കാര്യങ്ങള്‍ നടക്കില്ലെന്ന സ്ഥിതിയാണെന്നും ചെറിയ അവധിക്ക് നാട്ടിലെത്തി കാര്യങ്ങള്‍ ചെയ്തു മടങ്ങാന്‍ നിര്‍ബന്ധിതനാകുന്ന പ്രവാസിയെ കുരുക്കാന്‍ വലയുമായി നടക്കുന്ന പ്രാദേശിക രാഷ്ട്രീയക്കാരായ ഇടനിലക്കാര്‍ വരെയുണ്ടെന്നും ജീവന്‍ ടി വി റിപ്പോര്‍ട്ടര്‍ അലവി പറഞ്ഞു.

പരിഹരിക്കപ്പെടാത്ത പ്രവാസി സമസ്യകളുടെ ഉത്തരവാദികള്‍ കൈക്കൂലി ശീലിപ്പിക്കുകയും പ്രതികരണശേഷി നഷ്ടപ്പടുകയും ചെയ്ത പ്രവാസികള്‍ തന്നെയാണെന്ന് നൗഷാദ് ഇരിക്കൂര്‍ (മീഡിയവണ്‍) അഭിപ്രായപ്പെട്ടു.. കാലങ്ങളായി തുടരുന്ന അവഗണനയുടെ ഉദാഹരണമാണ് സീസണ്‍ സമയങ്ങളിലെ വിമാന നിരക്ക് വര്ധനയെന്നും കൂട്ടായ പ്രതിഷേധങ്ങളും ഇടപെടലുകളും മാത്രമേ ഇതിന് പരിഹാരമുള്ളു എന്നും കേന്ദ്ര സംസ്ഥാന സര്ക്കാറുകള്‍ നടത്തുന്ന പരിപാടികള്‍ പലപ്പോഴും സാധാരണ ജനങ്ങളെ മറക്കുന്നതാണെന്നും സംഘടനാ കൂട്ടായ്മയിലൂടെ കക്ഷിത്വം മറന്ന് പ്രതിഷേധിക്കലാണ് വേണ്ടതെന്നും മുന്‍ ഇന്‍ഡ്യന്‍ സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാനും ലോക മലയാളി അസോസിയേഷന്‍ അംഗവുമായ അബ്ദുള്ള മാഞ്ചേരി പറഞ്ഞു.

രാഷ്ട്രീയ പകപോക്കലിനും വാഗ്വാദത്തിനുമപ്പുറം പ്രവാസി എന്ന വികാരമാണ് വേണ്ടതെന്നും ക്രിയാത്മകമായ പരിഹാരത്തിന് മഹല്ലുകളിലുല്‍പ്പെടെ ചെറുകിട വ്യവസായങ്ങളും നിക്ഷേപക സംവിധാനങ്ങളും ആലോചിക്കണമെന്നും ധാരാളം സംഘടനകള്‍ക്കിടയില്‍ ഐ സി എഫ് ഇങ്ങനെ ചര്‍ച്ചക്ക് തുടക്കം കുറിച്ചത് ഏറെ പ്രശംസനീയമാണെന്നും ചന്ദിക ദിനപത്രം റിപ്പോര്‍ട്ടര്‍ അഷ്‌റഫ് ആളത്ത് പറഞ്ഞു. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് ഇ എം കബീര്‍ (നവോദയ), ഹനീഫ് റാവുത്തര്‍ (ഒ ഐ സി സി), ഹമീദ് വടകര (കെ എം സി സി), അബ്ദുല്‍ കരീം ഖാസിമി (ഐ സി എഫ് ) എന്നിവര്‍ സംസാരിച്ചു.

അനിയന്ത്രിതമായ വിമാന നിരക്ക് വര്‍ദ്ധനവിനെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര പരിഹാരം ആവശ്യപ്പെട്ടുള്ള പ്രമേയം സൈനുദീന്‍ വാഴവറ്റ അവതരിപ്പിച്ചു.

സെമിനാറില്‍ അബ്ദുല്ലത്തീഫ് അഹ്‌സനി അധ്യക്ഷത വഹിച്ചു. നാഷണല്‍ സെക്രട്ടറി നിസാര്‍ കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ജൗഹരി പൊന്നാട് മോഡറേറ്ററായിരുന്നു. സലീം പാലച്ചിറ സ്വാഗതവും ശരീഫ് സഖാഫി നന്ദിയും പറഞ്ഞു.

 

Latest