സംസ്ഥാനത്തെ ആദ്യ അതീവസുരക്ഷാ ജയിൽ വിയ്യൂരിൽ

Posted on: July 3, 2019 8:11 pm | Last updated: July 4, 2019 at 12:22 pm
നിർമാണം പൂർത്തിയായ വിയ്യൂർ അതീവസുരക്ഷാ ജയിൽ

തൃശൂർ: സംസ്ഥാനത്തെ ആദ്യ അതീവസുരക്ഷാജയിൽ വിയ്യൂർ സെൻട്രൽ ജയിൽ കോംപ്‌ളക്‌സിൽ ജയിൽ ഡി ജി പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ, വിയ്യൂർ, പൂജപ്പുര ജയിലുകളിൽ എൻ ഐ എ കേസുകളിൽ ഉൾപ്പെടെ തടവിലുള്ള 55 കൊടും കുറ്റവാളികളെ ആദ്യമായി അതീവസുരക്ഷാ ജയിലിലേക്ക് മാറ്റും. ഒമ്പതേക്കർ സ്ഥലത്ത് മൂന്ന് നില കെട്ടിടത്തിലാണ് ഹൈടെക് ജയിൽ നിർമിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള കെട്ടിടത്തിൽ ജയിലും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകളുമുണ്ട്.

സ്‌കാനർ വഴിയാണ് തടവുകാരെ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ജീവനക്കാർക്ക് വിരൽ ഉപയോഗിച്ചുള്ള പഞ്ചിംഗ് വഴിയാണ് അകത്തേക്ക് പ്രവേശനം. അകത്ത് നിന്ന് പുറത്ത് കടക്കുമ്പോഴും ഇതേ രീതിയിൽ പഞ്ചിംഗ് നടത്തണം. തടവുകാർക്ക് തമ്മിൽ കാണാൻ കഴിയാത്ത വിധത്തിലാണ് സെല്ലുകളും ജയിലറകളും ഒരുക്കിയിട്ടുള്ളത്. സന്ദർശകർക്ക് വീഡിയോ കോൺഫറൻസ് വഴി മാത്രമേ തടവുകാരെ കാണാൻ സാധിക്കുകയുള്ളൂ. എല്ലാ മുറികളിലും സി സി ടി വി ഘടിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറും സുരക്ഷാജീവനക്കാർ കാവൽ നിൽക്കുന്ന നാല് ടവറുകൾ ജയിലിന് ചുറ്റും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ തീപ്പിടിത്തത്തിൽ നിന്ന് രക്ഷനേടാൻ ജയിലിന് ചുറ്റും ഫയർ ഹൈഡ്രന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ജയിലിലേക്കുള്ള റോഡുകളുടെയും ആധുനിക അടുക്കളയുടെയും നിർമാണം പൂർത്തീകരിക്കാനുണ്ട്. തത്കാലം സെൻട്രൽ ജയിലിൽ നിന്ന് ഭക്ഷണമെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ശക്തമായ പ്രകാശം ലഭിക്കുന്ന സൺ ലൈറ്റുകൾ, ടവർ ലൈറ്റുകൾ എന്നിവ സ്ഥാപിച്ചു കഴിഞ്ഞു. വൈദ്യുതി കണക്‌ഷൻ, പ്രത്യേക ട്രാൻസ്‌ഫോമർ, 30 കിടക്കകളുള്ള ആധുനിക ആശുപത്രി സംവിധാനം എന്നിവയും സജ്ജീകരിക്കാൻ ബാക്കിയുണ്ട്. സെൻട്രൽ ജയിലിലെ ആശുപത്രി സൗകര്യങ്ങൾ നിലവിൽ പ്രയോജനപ്പെടുത്തും. പുതിയ ജയിലിൽ 600 ഓളം തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്. ജയിൽ സൂപ്രണ്ട്, അസി.സൂപ്രണ്ട് ഉൾപ്പെടെ 62 പുതിയ തസ്തികകൾ അനുവദിച്ചു. എ ജി സുരേഷാണ് ജയിൽ സൂപ്രണ്ട്. 2011 ജൂണിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് അതീവസുരക്ഷാ ജയിലിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്.

ആറ് മീറ്ററാണ് പുറം മതിലിന്റെ ഉയരം. 700 മീറ്റർ ചുറ്റളവുണ്ട്. വാച്ച് ടവറുകൾക്ക് 15 മീറ്റർ ഉയരമുണ്ട്. 192 സെല്ലുകളാണ് ആകെയുള്ളത്. ഒരാളെ മാത്രം പാർപ്പിക്കാവുന്ന 60 സെല്ലുകളും രണ്ടാളെ വീതം പാർപ്പിക്കാവുന്ന 20 സെല്ലുകളും മൂന്നാളെ വീതം പാർപ്പിക്കാവുന്ന 66 സെല്ലുകളും അഞ്ചാളെ വീതം പാർപ്പിക്കാവുന്ന 46 സെല്ലുകളുമാണുള്ളത്. 4.2 മീറ്ററാണ് ഒരു സെല്ലിന്റെ ഉയരം. 2016 ൽ മുൻ യു ഡി എഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് ഹൈടെക് ജയിലിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. മൂന്ന് വർഷങ്ങൾക്കിപ്പുറം ഇപ്പോഴാണ് നിർമാണം പൂർത്തിയാക്കി ജയിൽ പ്രവർത്തന സജ്ജമായത്. 33.50 കോടി രൂപയാണ് നിർമാണ ചെലവ്.