നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങി; രാജിക്കത്ത് ഔദ്യോഗികമായി പുറത്തുവിട്ടു

Posted on: July 3, 2019 3:28 pm | Last updated: July 4, 2019 at 10:32 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ നേതാക്കളും പ്രവര്‍ത്തകരും രാജ്യവ്യാപകമായി സമ്മര്‍ദം തുടരുന്നതിനിടെ രാജിക്കത്ത് ഔദ്യോഗികമായി പുറത്തുവിട്ട് രാഹുല്‍ ഗാന്ധി. താന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ലെന്ന് മാധ്യമങ്ങളോട് പര്‍ലിമെന്റി്‌ന മുമ്പില്‍ പ്രതികരിച്ചതിന് പിന്നാലെ ട്വിറ്ററിലൂടെ രാഹൂല്‍ ഗാന്ധി തന്റെ രാജിക്കത്ത് പുറത്തുവിട്ടു. പാര്‍ട്ടിക്ക് നല്‍കിയ നാല് പേജുള്ള കത്താണ് രാഹുല്‍ ഇന്ന് ഉച്ചക്ക് ശേഷം ട്വിറ്റര്‍ വഴി പങ്കുവെച്ചത്.തിരഞ്ഞെടുപ്പ് തോല്‍വിയുടെ പൂര്‍ണ ഉത്തരാവദിത്വം ഏറ്റെടുത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ കത്തില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നത്. പുതിയ അധ്യക്ഷനെ താന്‍ നാമനിര്‍ദേശം ചെയ്യണമെന്ന് പല സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. അത് ശരിയാണെന്ന് താന്‍ വിചാരിക്കുന്നില്ല. പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നും രാഹുല്‍ കത്തില്‍ പറയുന്നു. ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനും ആര്‍ എസ് എസിനുമെതിരായ പോരാട്ടത്തില്‍ താന്‍ മുന്‍നിരയില്‍ ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.

പുതിയ അധ്യക്ഷനെ നേതൃത്വം ഉടന്‍ കണ്ടെത്തുമെന്നാണ് കരുതുന്നതെന്ന് രാഹുല്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇത് കത്തിലും ആവര്‍ത്തിച്ചു. പ്രവര്‍ത്തക സമിതി ഉടന്‍ ചേര്‍ന്ന് പുതിയ അധ്യക്ഷനെ കണ്ടെത്തണം. ഇനിയും കാലതമാസം ഉണ്ടാകരുത്. എന്നാല്‍ അധ്യക്ഷനെ കണ്ടെത്തുന്ന ഈ പ്രക്രിയയില്‍ തന്‍ പങ്കാളിയാകില്ലെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ എ ഐ സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി പലവധി സമ്മര്‍ദങ്ങള്‍ നേതൃത്വം നടത്തിക്കൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ നൂറ്കണക്കിന് നേതാക്കള്‍ രാജിവെച്ചു. യൂത്ത്‌കോണ്‍ഗ്രസും എന്‍ എസ് യുവും രാഹുലിന്റെ വസതിക്ക് മുമ്പില്‍ ധര്‍ണയിരുന്നു. പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസിന് മുമ്പില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിവരെ പാര്‍ട്ടി ഓഫീസിന് മുമ്പില്‍ സമരം നടത്തി. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഒന്നിച്ചെത്തി രാഹുലിനോട് തീരുമാനം മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും മനസ്സ് മാറാത്ത രാഹുല്‍ ഇക്കാര്യത്തില്‍ ഇനി ഒരുമാറ്റമില്ലെന്ന് രാജിക്കത്ത് പുറത്തുവിട്ട് ട്വിറ്ററിലൂടെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതരാകും.

ഈയാഴ്ച അവസാനം രാഹുലും സോണിയയും വിദേശത്തേക്ക് പോകുകയാണ്. വിദേശത്ത് ചികിത്സയില്‍ കഴിയുന്ന റോബര്‍ട്ട് വദ്രയെ കാണാനാണ് ഇരുവരും പോകുന്നത്. റോബര്‍ട്ട് വദ്രയുടെ ഓപ്പറേഷന്റെ ഭാഗമായി പ്രിയങ്കയും വിദേശത്താണുള്ളത്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഭൂരിഭാഗം പ്രവര്‍ത്തക സമിതി അംഗങ്ങളും അവരവരുടെ സംസ്ഥാനത്താണുള്ളത്. നിലവിലെ സാഹചര്യത്തില്‍ സോണിയാഗാന്ധി തിരിച്ചെത്തിയ ശേഷമേ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.