എണ്ണ ഇറക്കുമതി: രാജ്യ താത്പര്യത്തിന് ഇന്ത്യ പ്രാധാന്യം നല്‍കുമെന്ന് പ്രതീക്ഷ- ഇറാന്‍

Posted on: July 3, 2019 1:14 pm | Last updated: July 3, 2019 at 4:50 pm

ന്യൂഡല്‍ഹി: യു എസ് ഉപരോധം തുടരുന്ന സാഹചര്യത്തില്‍ തങ്ങളുമായുള്ള സൗഹൃദവും വ്യാപാര ബന്ധവും ഇന്ത്യ തുടരുമെന്ന പ്രതീക്ഷയില്‍ ഇറാന്‍. എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ രാഷ്ട്രതാത്പര്യം മറികടന്ന് ഒരു തീരുമാനം ഇന്ത്യ കൈക്കൊള്ളില്ലെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യയിലുള്ള ഇറാന്റെ അംബാസിഡര്‍ അലി ചെഗനി പറഞ്ഞു. ഇന്ത്യയുടെ ഊര്‍ജ സുരക്ഷയുടെ കാര്യത്തില്‍ ഇറാന് ‘സംരക്ഷകനായി’ പ്രവര്‍ത്തിക്കാന്‍ കഴിയും.

ഇന്ത്യ സമ്മര്‍ദ്ദത്തിലാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. പക്ഷേ ഇന്ത്യ എക്കാലത്തും സുഹൃത്തായാണ് ഇറാന്‍ കരുതുന്നത്. മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഞങ്ങളെ ബാധിക്കില്ല. ചരിത്രത്തിലും, പരസ്പര നേട്ടത്തിലും താല്‍പര്യത്തിലും അധിഷ്ഠിതമാണ് ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് എണ്ണ ഉറപ്പാക്കാന്‍ അമേരിക്ക പറ്റാവുന്നതെല്ലാം ചെയ്യുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍ ഇത്തരമൊരു ഉറപ്പുമായി രംഗത്തുവന്നിരിക്കുന്നത്.