കാര്‍ഷിക കടാശ്വാസ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്തി: മന്ത്രി വിഎസ് സുനില്‍കുമാര്‍

Posted on: July 3, 2019 11:25 am | Last updated: July 3, 2019 at 1:07 pm

തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസത്തിന്റെ പരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍.കാര്‍ഷിക കടാശ്വാസ കമ്മീഷന് എഴുതിത്തള്ളാവുന്ന വായ്പാ പരിധിയാണ് രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ ഇത് പരമാവധി ഒരു ലക്ഷമായിരുന്നു. സഹകരണ ബേങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ക്കാണ് തീരുമാനം ബാധകമാവുക.

പ്രളയം ഏറെ നാശം വിതച്ച ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ക്കായിരിക്കും സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഗുണം കൂടുതല്‍ ലഭിക്കുക. ഇടുക്കി, വയനാട് ജില്ലകളില്‍ 2018 ഓഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയും എടുത്ത കാര്‍ഷിക കടങ്ങളെയാണ് എഴുതിത്തള്ളുന്നതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. കടം എഴുതിത്തള്ളുന്ന കാര്യം വാണിജ്യബാങ്കുകളുമായി ചര്‍ച്ച ചെയ്യുകയാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.