350 കടക്കുമെന്ന പ്രതീതിയുളവാക്കി രോഹിത്-രാഹുല്‍ കൂട്ടുകെട്ട്; കിട്ടിയത് 314

Posted on: July 2, 2019 7:46 pm | Last updated: July 2, 2019 at 10:35 pm

ബെര്‍മിങ്ഹാം: രോഹിത് ശര്‍മയുടെയും കെ എല്‍ രാഹുലിന്റെയും മികച്ച തുടക്കത്തിന്റെ ബലത്തില്‍ കൂറ്റന്‍ സ്‌കോറിലേക്കു കുതിച്ച ഇന്ത്യ മധ്യ-അവസാന ഓവറുകളില്‍ വരിഞ്ഞുകെട്ടി. തുടക്കത്തില്‍ യാഗാശ്വത്തെ പോലെ കുതിച്ച ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റുകള്‍ ബലികഴിച്ച് 314 റണ്‍സ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കിടയറ്റ ഷോട്ടുകളിലൂടെ സെഞ്ച്വറി നേടിയ ഹിറ്റ്മാന്‍
രോഹിതാണ് ഈയൊരു ടോട്ടലിലേക്ക് ടീമിനെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.

രോഹിത്തും രാഹുലും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 180 റണ്‍സിന്റെ കൂട്ടുകെട്ടിനോട് പിന്നീടുള്ള ബാറ്റ്‌സ്മാന്മാര്‍ക്ക് നീതി പുലര്‍ത്താന്‍ കഴിയാതെ പോയതാണ് ഇന്ത്യക്ക് വിനയായത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇവരുടെത്. ടി ട്വന്റിക്കു സമാനമായ പ്രകടനമാണ് രോഹിത് കാഴ്ചവച്ചത്. ബംഗ്ലാദേശ് ബൗളര്‍മാരെ നിലംതൊടാന്‍ അനവദിക്കാതെ കിടിലന്‍ ഷോട്ടുകളുതിര്‍ത്ത രോഹിത് 92 പന്തില്‍ അഞ്ച് സിക്‌സും ഏഴു ബൗണ്ടറിയും സഹിതം 104 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഏകദിനത്തിലെ 26ാം സെഞ്ച്വറി കുറിച്ച താരം സൗമ്യ സര്‍ക്കാറിന്റെ പന്തിലാണ് മടങ്ങിയത്.

രോഹിതിനെ അപേക്ഷിച്ച് മെല്ലെ പോയ രാഹുല്‍ 92 പന്തില്‍ നിന്ന് 77 റണ്‍സ് സംഭാവന ചെയ്ത ശേഷം റുബൈല്‍ ഹുസൈന്റെ പന്തില്‍ വീണു. അവസാന ഓവറുകളില്‍ ശൗര്യം പുറത്തെടുത്ത മുസ്തഫിസുര്‍ റഹ്മാനാണ് സ്‌കോര്‍ 350 കടത്താമെന്ന ഇന്ത്യന്‍ പ്രതീക്ഷകളെ കാറ്റില്‍ പറത്തിയത്. ഇന്ത്യയുടെ അഞ്ച് താരങ്ങളെയാണ് മുസ്തഫിസുര്‍ കൂടാരം കയറ്റിയത്. നായകന്‍ വിരാട് കോലിയെ 26ല്‍ തിരിച്ചയച്ച താരം കൂറ്റനടികളുടെ ഇഷ്ടതോഴന്‍ ഹാര്‍ദിക് പാണ്ഡ്യയെ സ്‌കോര്‍ ബോര്‍ഡ് തുറക്കാന്‍ പോലും അനുവദിച്ചില്ല. പിന്നീടെത്തിയ ഋഷഭ് പന്താണ് റണ്‍റേറ്റിന് കുറച്ചെങ്കിലും വേഗം കൂട്ടിയത്. 41 പന്തില്‍ 48 റണ്‍സാണ് ഋഷഭ് തന്റെ പേരില്‍ കുറിച്ചത്. ധോണി 35 റണ്‍സ് നേടി.