നിയമസഭയില്‍ എന്‍ ഡി എ- മുസ്ലിംലീഗ് സഹകരണം; രാജഗോപാലിന്റെയും പി സി ജോര്‍ജിന്റേയും സമയം ഷംസുദ്ദീന് നല്‍കി

Posted on: July 2, 2019 3:42 pm | Last updated: July 2, 2019 at 7:47 pm

തിരുവനന്തപുരം: സംസ്ഥാന നിയമസഭയില്‍ എന്‍ ഡി എ അംഗങ്ങളുമായി മുസ്ലിംലീഗ് നടത്തിയ സഹകരണം ചര്‍ച്ചയാകുന്നു. സംസാരിക്കാന്‍ എന്‍ ഡി എക്ക് അനുവദിച്ച സമയം മുസ്ലിംലീഗിന് നല്‍കിയതാണ് വിവാദമായിരിക്കുന്നത്. ധനവിനിയോഗ ബില്‍ ചര്‍ച്ചയിലാണ് എന്‍ ഡി എ അംഗങ്ങളായ പി സി ജോര്‍ജ്, ഒ രാജഗോപാല്‍ എന്നിവരുടെ സമയം ലീഗ് അംഗം എന്‍ ഷംസുദ്ദീന് നല്‍കിയത്.

മുസ്ലിംലീഗന്റെ സഹകരണത്തില്‍ പരിഹാസവുമായി സി പി എം രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ വോട്ട് വാങ്ങിയവര്‍ നിയമസഭയില്‍ സമയവും വാങ്ങിയെന്ന് സി പി എം ആരോപിച്ചു. മുമ്പും ബി ജെ പിയുമായി രഹസ്യമായും പരസ്യമായും കൂട്ടുകൂടിയ പാര്‍ട്ടിയാണ് മുസ്ലിംലീഗെന്നും സി പി എം ആരോപിച്ചു.

എന്നാല്‍ സമയ കൈാറ്റം സാങ്കേതികം മാത്രമാണെന്നാണ് ഷംസുദ്ദീന്റെ വിശദീകരണം. എന്നാല്‍ ഷംസുദ്ദീന്‍ ബി ജെ പി അംഗങ്ങളുടെ സമയം വാങ്ങിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുയരുന്നതായാണ് റിപ്പോര്‍ട്ട്. ചില ലീഗ് അംഗങ്ങള്‍ ഇക്കാര്യത്തിലുള്ള വിയോജിപ്പ് ഷംസുദ്ദീനെ അറിയിച്ചതായാണ് വിവരം.