ശാസ്താംകോട്ടയില്‍ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിയ യുവാവ് അറസ്റ്റില്‍

Posted on: July 2, 2019 11:43 am | Last updated: July 2, 2019 at 12:37 pm

കൊല്ലം: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് കൊല്ലം ശാസ്താംകോട്ടയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കുന്നത്തൂര്‍ സ്വദേശിയായ അനന്തുവാണ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്.

കുത്തേറ്റ പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീടിന്റെ മുകളിലത്തെ വാതിലിലൂടെ വീടിനകത്ത് പ്രവേശിച്ച അനന്തു ഉറങ്ങി കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ രക്ഷപ്പെട്ടു.

കുട്ടിയുടെ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയായ അനന്തു ജോലി ചെയ്തിരുന്ന സ്വകാര്യ ബസിലാണ് പെണ്‍കുട്ടി സ്ഥിരമായി യാത്ര ചെയ്തിരുന്നത്. നിരന്തരമായി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തുകയും ഇത് നിരസിക്കുകയും ചെയ്താണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു.